CRIME

സുന്ദരികളായ പെണ്‍കുട്ടികളോട് വെറുപ്പ്; കൊന്നത് കുടുംബത്തിലെ നാല് കുട്ടികളെ; സംശയിക്കാതിരിക്കാന്‍ സ്വന്തം മകനേയും കൊന്നു

6 വയസ്സുകാരിയുടെ മുങ്ങി മരണത്തെ കുറിച്ചുള്ള അന്വേഷണമാണ് കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്

Author : ന്യൂസ് ഡെസ്ക്

ചണ്ഡീഗഢ്: സ്വന്തം മകന്‍ അടക്കം നാല് കുട്ടികളെ കൊന്ന സ്ത്രീ ഒടുവില്‍ അറസ്റ്റില്‍. ഹരിയാനയിലെ പാനിപ്പത്തിലുള്ള നൗള്‍ത്ത ഗ്രാമത്തിലെ 6 വയസ്സുകാരിയുടെ മുങ്ങി മരണത്തെ കുറിച്ചുള്ള അന്വേഷണമാണ് കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്.

പൂനം എന്ന സ്ത്രീയാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിധി എന്ന ആറ് വയസുകാരിയെ വാട്ടര്‍ ടബ്ബില്‍ തല മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ കാലുകള്‍ തറയില്‍ കുത്തിയ നിലയിലായിരുന്നു. പൂനത്തിന്റെ സഹോദരിയുടെ മകളാണ് വിധി. സോണിപത്തില്‍ ആയിരുന്ന സഹോദരിയും കുടുംബവും ഒരു വിവാഹത്തില്‍ പങ്കെടുക്കാനായാണ് പാനിപത്തില്‍ എത്തിയത്.

വിവാഹാഘോഷത്തിനിടെയാണ് കുട്ടി മരിച്ചത്. വിധിയെ കാണാനില്ലെന്ന് പിതാവിന് ഒരു ഫോണ്‍ കോള്‍ ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിക്കുന്നത്. വീട്ടിലെ സ്‌റ്റോര്‍ റൂമിലുള്ള വാട്ടര്‍ ടബ്ബിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആദ്യഘട്ടത്തില്‍ അപകട മരണമാണെന്നായിരുന്നു കരുതിയത്. എന്നാല്‍, മുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയത് സംശയത്തിന് കാരണമായി. തുടര്‍ന്നാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ച് 36 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി.

പൂനത്തിനെ ചോദ്യം ചെയ്തതോടെയാണ്, വിധിയുടേയും സ്വന്തം മകന്‍ അടക്കം മറ്റ് മൂന്ന് കുട്ടികളേയും കൊന്ന കാര്യം സമ്മതിക്കുന്നത്. വിധിയടക്കം കൊല്ലപ്പെട്ട മൂന്ന് പെണ്‍കുട്ടികളും പൂനത്തിന്റെ ബന്ധുക്കളാണ്. തന്നേക്കാള്‍ സൗന്ദര്യം ആറ് വയസുള്ള കുട്ടിക്ക് ഉണ്ടെന്ന തോന്നലാണ് കൊലപാതകത്തിന് കാരണമായി പൂനം പൊലീസിനോട് പറഞ്ഞത്. മറ്റ് മൂന്ന് പെണ്‍കുട്ടികളേയും കൊല്ലാനുള്ള കാരണം ഇതു തന്നെയായിരുന്നു.

2023 ല്‍ സഹോദരന്റെ മകളെ കൊലപ്പെടുത്തി, സംശയം തന്നിലേക്ക് വരാതിരിക്കാന്‍ സ്വന്തം മകനേയും വെള്ളത്തില്‍ മുക്കി കൊന്നു. ഈ വര്‍ഷം ഓഗസ്റ്റിലായിരുന്നു മൂന്നാമത്തെ കൊലപാതകം നടത്തിയത്. മാതാപിതാക്കളുടെ ഗ്രാമമായ സിവായില്‍ എത്തിയ പൂനം അവിടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ കൊന്നു. നാലും മുങ്ങി മരണമായിരുന്നുവെന്നതാണ് സംശയം പൂനത്തിലേക്ക് നീങ്ങാന്‍ കാരണം.

തന്നേക്കാള്‍ സുന്ദരിയാണെന്ന് തോന്നുന്ന പെണ്‍കുട്ടികളെയാണ് പൂനം ലക്ഷ്യമിട്ടത്. ഓരോ കൊലപാതകത്തിനു ശേഷവും പൂനം അമിതമായ സന്തോഷവും പ്രകടിപ്പിച്ചു. കാണാന്‍ ഭംഗിയുള്ള കുട്ടികളെ തനിക്ക് ഇഷ്ടമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതി വെളിപ്പെടുത്തി. കുടുംബത്തിലുള്ള പെണ്‍കുട്ടികളെ മാത്രമാണ് താന്‍ ലക്ഷ്യമിട്ടിരുന്നതെന്നും പൂനം പൊലീസിനോട് സമ്മതിച്ചു.

SCROLL FOR NEXT