ഹരിയാനയിലെ പ്രശസ്ത മോഡലാണ് 27-കാരിയായ ശീതള്‍ എന്ന സിമ്മി ചൗധരി Source: X/@UmeshThakran007, @Rrajora07
CRIME

വിവാഹിതനാണെന്ന് അറിഞ്ഞതിന് പിന്നാലെ തർക്കം; കാമുകിയെ കൊന്ന് കനാലിൽ തള്ളി കാമുകൻ

ശീതളും സുനിലും അടുപ്പത്തിലായിരുന്നെങ്കിലും ഇയാള്‍ നേരത്തെ വിവാഹിതനാണെന്ന വിവരം യുവതി അറിഞ്ഞിരുന്നില്ല

Author : ന്യൂസ് ഡെസ്ക്

കാമുകിയെ ആസൂത്രിതമായി കൊലപ്പെടുത്തി അപകട മരണമാക്കി വരുത്തി തീർക്കാൻ ശ്രമിച്ച കാമുകൻ അറസ്റ്റിൽ. ഹരിയാനയിലെ മോഡലായ ശീതളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കാമുകൻ വിവാഹിതനെന്ന് തിരിച്ചറിഞ്ഞതിൽ തുടങ്ങിയ തർക്കമാണ് കൊലപാതകകാരണം. കാമുകന്‍ സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ശീതളിൻ്റെ മൃതദേഹം കനാലില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. ഹരിയാനയിലെ പ്രശസ്ത മോഡലാണ് 27-കാരിയായ ശീതള്‍ എന്ന സിമ്മി ചൗധരി. തിങ്കളാഴ്ച സോണിപത് ജില്ലയിലെ ഖാര്‍ഖോഡയിലെ റിലയന്‍സ് കനാലില്‍ നിന്നാണ് കഴുത്തില്‍ മുറിവേറ്റ പാടുകളോടെ മൃതദേഹം കണ്ടെടുത്തത്. ശീതളിനെ കാമുകൻ സുനിൽ ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം അപകടമരണമാക്കി മാറ്റാന്‍ ശ്രമിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

സംഗീത ആൽബത്തിന്റെ ചിത്രീകരണത്തിനായി രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ശീതൾ. അഹാര്‍ ജില്ലയിലേക്കാണ് പോകുന്നതെന്നും വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ മടങ്ങിയെത്താൻ വൈകിയതോടെയാണ് സഹോദരി നേഹ പൊലീസിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കഴുത്തിന് മുറിവേറ്റ നിലയില്‍ ശീതളിൻ്റെ മൃതദേഹം കനാലില്‍ നിന്ന് കണ്ടെത്തി.

ശീതള്‍ സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞനിലയിലായിരുന്നു. യുവതിയുടെ കഴുത്തില്‍ ചില മുറിവുകള്‍ കണ്ടെത്തിയതാണ് സംശയത്തിന് ഇടയാക്കിയത്. പ്രാഥമിക പരിശോധനയില്‍ കുത്തേറ്റാണ് മരണം സംഭവിച്ചതെന്നും വ്യക്തമായി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ കാമുകനെ പിടികൂടുകയായിരുന്നു.

ഹരിയാനയിലെ മോഡലും സംഗീത ആല്‍ബങ്ങളിലെ താരവുമാണ് ശീതൾ. പ്രതിയായ സുനില്‍ വിവാഹിതനാണ്. ശീതളും സുനിലും അടുപ്പത്തിലായിരുന്നെങ്കിലും ഇയാള്‍ വിവാഹിതനാണെന്ന വിവരം യുവതി നേരത്തേ അറിഞ്ഞിരുന്നില്ല. അടുത്തിടെയാണ് സുനില്‍ വിവാഹിതനാണെന്ന കാര്യം യുവതി അറിഞ്ഞത്. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറയുന്നു.

പൊലീസിന്റെ അന്വേഷണത്തില്‍ ശീതള്‍ പ്രതിയായ സുനിലിനൊപ്പമാണ് കാറില്‍ പോയതെന്ന് വ്യക്തമായി. യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി കാര്‍ കനാലിലേക്ക് തള്ളിയിട്ടെന്നാണ് പൊലീസ് ഭാഷ്യം. സംഭവം അപകടമരണമായി ചിത്രീകരിക്കാനായിരുന്നു ഇയാളുടെ ശ്രമമെന്നും പൊലീസ് പറഞ്ഞു.

SCROLL FOR NEXT