കണ്ണൂര്‍: ജയില്‍ സുരക്ഷയെ ചോദ്യമുനമ്പിലാക്കിയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അതിസുരക്ഷാ ബ്ലോക്കില്‍ നിന്ന് കൊടും കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. പുലര്‍ച്ചെ ഒന്നേകാലോടെ ജയിലിലെ സകല സുരക്ഷാവലയവും നിഷ്പ്രഭമാക്കി രക്ഷപ്പെട്ട ഗോവിന്ദച്ചാമിയെ പൊലീസ് കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ്.
കണ്ണൂരിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ പഴയ കെട്ടിടത്തിലെ കിണറ്റില്‍ നിന്നാണ് കൊടും കുറ്റവാളിയെ കണ്ടെത്തിയത്. ഏഴര മീറ്റര്‍ നീളമുള്ള ജയിലില്‍ മതിലില്‍ പുതപ്പ് പിരിച്ചുകെട്ടി ഊര്‍ന്നിറങ്ങിയാണ് രക്ഷപ്പെട്ടത്. ജയിലിന് പുറത്തുനിന്ന് ഇയാള്‍ക്കിതിന് സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുകയാണ്.
1.30 AM
10 ബി ബ്ലോക്കിലെ അതിസുരക്ഷാ സെല്ലില്‍ നിന്ന് കൊടുംകുറ്റവാളി ഗോവിന്ദച്ചാമി പുറത്തിറങ്ങിയത് സെല്ലിന്റെ കമ്പി മുറിച്ച്. അരം പോലുള്ള ഏതോ ആയുധം ഉപയോഗിച്ചാണ് സെല്ലിന്റെ അഴി മുറിച്ചതെന്നാണ് കരുതുന്നത്. പത്താം ബ്ലോക്കില്‍ വെളിച്ചമില്ലാതിരുന്നത് പ്രതിയുടെ പണി എളുപ്പമാക്കി. മുറിക്കാനുള്ള എളുപ്പത്തിന് കമ്പി ഉപ്പിട്ട് തുരുമ്പെടുപ്പിച്ചിരുന്നു. മുറിച്ച കമ്പി വളച്ച് വിടവുണ്ടാക്കി പുറത്തുചാടി. ഈ സമയം സെല്ലില്‍ മറ്റൊരു തടവുകാരനും ഉണ്ടായിരുന്നു. അയാള്‍ ഒന്നും അറിഞ്ഞിട്ടില്ലെന്നാണ് പ്രാഥമിക മൊഴി. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. തുടര്‍ന്ന് വെള്ളമെടുക്കാന്‍ സൂക്ഷിച്ചിരുന്ന ഡ്രമ്മില്‍ ചവിട്ടി ജയിലിനുള്ളിലെ മതില്‍ ചാടി ക്വാറന്റൈന്‍ ബ്ലോക്കില്‍ എത്തി. പകര്‍ച്ചവ്യാധികള്‍ ഉണ്ടായാല്‍ മാത്രം തടവുകാരെ പാര്‍പ്പിക്കുന്ന ബ്ലോക്കാണിത്. അലക്കാനിട്ടിരുന്ന കമ്പിളിയും തുണിയും കൂട്ടിക്കെട്ടി വടം പോലെയാക്കി കയ്യില്‍ കരുതി. ക്വാറന്റൈന്‍ ബ്ലോക്ക് വളപ്പില്‍ മതിലിന്റെ ആകാശവാണിക്ക് സമീപമുള്ള ഭാഗത്തെ മരത്തില്‍ കയറി. പുതപ്പ് പിരിച്ചുകെട്ടിയുണ്ടാക്കിയ തുണി വടം മതിലിന് മുകളിലെ ഇരുമ്പുവേലിയില്‍ എറിഞ്ഞ് കുരുക്കി. ഏഴര മീറ്റര്‍ ഉയരമുള്ള മതിലിന് മുകളിലെ ഇലക്ട്രിക് ഫെന്‍സില്‍ ഈ സമയം വൈദ്യുതി പ്രവഹിച്ചിരുന്നില്ല. മുകളിലെ വേലിയില്‍ അള്ളിപ്പിടിച്ച് കയറിയ ഗോവിന്ദച്ചാമി അതേ പുതപ്പ് വടം നന്നായി കെട്ടിയുറപ്പിച്ച ശേഷം മതിലിന് പുറത്തേക്കിട്ട് ഊര്‍ന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാര്‍ ആരും ഇതൊന്നുമറിഞ്ഞില്ല.
5.00 AM
ജയില്‍ അധികൃതര്‍ പ്രതി ചാടിപ്പോയ വിവരം അറിയുന്നത് പുലര്‍ച്ചെ അഞ്ച് മണിയോടെ മാത്രം. ഞെട്ടിത്തരിച്ചുപോയ ജയില്‍വാര്‍ഡന്‍മാരും മറ്റ് ഉദ്യോഗസ്ഥരും ജയില്‍ വളപ്പ് അരിച്ചുപെറുക്കി. വയര്‍ലെസ് സെറ്റുകളില്‍ അടിയന്തര സന്ദേശങ്ങള്‍ പാഞ്ഞു. കണ്ണൂര്‍ റേഞ്ചിലും സംസ്ഥാനത്തുടനീളവും പൊലീസിന് ജാഗ്രതാനിര്‍ദേശം കിട്ടി. ജയില്‍ പരിസരവും സമീപ പ്രദേശങ്ങളിലൂടെ പോകുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെയും പരിശോധിക്കാനും നിര്‍ദേശം കിട്ടി.
7.30AM
ഏഴരയോടെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. പൊലീസ് പൊതുജനങ്ങള്‍ക്കായി നല്‍കിയ അറിയിപ്പ് ഇങ്ങനെ...
'കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ശിക്ഷ തടവുകാരനായ സി 46 ഗോവിന്ദ സാമി ഇന്നേ ദിവസം 25/07/2025 ജയില്‍ ചാടി രക്ഷപെട്ടിട്ടുള്ളതാണ്. ടിയാനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ഉടനെ ബന്ധപ്പെടേണ്ടതാണ്. കൊടും കുറ്റവാളി ജയില്‍ ചാടിയെന്നും വിവരമറിയിക്കാന്‍ പൊലീസ് നല്‍കിയ നമ്പറും ദൃശ്യമാധ്യമങ്ങളും ന്യൂസ് വെബ്‌സൈറ്റുകളും തുടര്‍ച്ചയായി നല്‍കിക്കൊണ്ടിരുന്നു. പറ്റെ വെട്ടിയ മുടി, ഇടതുകൈപ്പറ്റി മുറിച്ചുമാറ്റിയിട്ടുണ്ട്, ഇടതുകവിളില്‍ മുറിവേറ്റ പാട്... ഇവയായിരുന്നു പ്രതിയെ തിരിച്ചറിയാനുള്ള വിവരങ്ങള്‍.
8.00 AM
സിസിടിവി ദൃശ്യങ്ങള്‍ ഒന്നൊന്നായി പരിശോധിക്കാന്‍ തുടങ്ങി. പൊലീസ് അരിച്ചുപെറുക്കി തെരച്ചില്‍ തുടര്‍ന്നുകൊണ്ടിരുന്നു. റോഡിലൂടെ പോയ എല്ലാ വാഹനങ്ങളും ഭാരവാഹനങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു. ട്രെയിനുകളിലും പരിശോധന തുടങ്ങി. എറണാകുളം റയില്‍വേ സ്റ്റേഷനിലടക്കം പരിശോധന.
9.00 AM
ഡോഗ് സ്‌ക്വാഡ് ജയിലിലെത്തി. ജയില്‍ സന്ദര്‍ശനത്തിനായി ഇന്നലെ കണ്ണൂരിലെത്തിയ ജയില്‍ ഡിജിപിയടക്കം സെന്‍ട്രല്‍ ജയിലിലെത്തി. ഇതിനിടെ പുലര്‍ച്ചെ മൂന്നരയോടെ കണ്ണൂര്‍ ഡിസിസി പരിസരത്ത് ഗോവിന്ദച്ചാമിയെ കണ്ടതായി ഒരു നിര്‍മാണത്തൊഴിലാളി മൊഴി നല്‍കി. വെള്ള ഷര്‍ട്ടും കറുത്ത പാന്റ്‌സും ധരിച്ച് ഗോവിന്ദച്ചാമി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. പ്രദേശത്തെ ലഭ്യമായ സിസിടിവി ദൃശ്യങ്ങളാകെ പരിശോധിച്ച് ജയില്‍ ചാടിയ ക്രിമിനലിന്റെ സഞ്ചാരപഥത്തിന് തുടര്‍ച്ചയുണ്ടാക്കാന്‍ പൊലീസിന്റെ തീവ്രശ്രമം.
9.15 AM
കണ്ണൂര്‍ തളാപ്പില്‍ ഗോവിന്ദച്ചാമിയോട് സാമ്യമുള്ളയാളെ കണ്ടെന്ന് നാട്ടുകാര്‍. ജയിലില്‍ നിന്ന് മണം പിടിച്ചെത്തിയ ഡോഗ് സ്‌ക്വാഡും തളാപ്പ് ഡിസിസി പരിസരത്ത് എത്തി. കൂടുതല്‍ പൊലീസ് സ്ഥലത്തേക്ക് കുതിച്ചെത്തി. പ്രദേശമാകെ തെരച്ചില്‍ തുടങ്ങി.
10.30 AM
തളാപ്പിലെ കുമാര്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിലെ സെക്യൂരിറ്റ് ജീവനക്കാരന്‍ ഉണ്ണി ഓഫീസ് വളപ്പിലെ കിണറ്റില്‍ ഗോവിന്ദച്ചാമിയെ കണ്ടെത്തുന്നു. കിണറ്റിലേക്ക് നോക്കിയ ഉണ്ണിയെ കുത്തിക്കൊല്ലുമെന്ന് ഗോവിന്ദച്ചാമിയുടെ ഭീഷണി
10.45 AM
പൊലീസ് കുതിച്ചെത്തി കിണറ്റില്‍ നിന്ന് ഗോവിന്ദച്ചാമിയെ പൊക്കി. മോട്ടോര്‍ തൂക്കിയിട്ട കയറില്‍ പിടിച്ചുകിടക്കുകയായിരുന്ന ഗോവിന്ദച്ചാമിയെ കയറില്‍ പൊക്കി ഉയര്‍ത്തുകയായിരുന്നു.
ചതുരാകൃതിയില്‍ ക്രമീകരിച്ചിരിക്കുന്ന പത്താം ബ്ലോക്ക് ജയിലിനുള്ളിലെ ജയില്‍ എന്നാണ് അറിയപ്പെടുന്നത്. ഈ ബ്ലോക്കിന് മാത്രമായി പ്രത്യേക മതിലും ഗേറ്റുമുണ്ട്. അകത്തെ ചുമരിന് സമീപം പത്തടിയോളം ആഴത്തില്‍ കിടങ്ങ്. പുറംമതിലിന് ഏഴരയടി ഉയരം. അതിന് മീതെ വൈദ്യുതി വേലി. ഇതെല്ലാം മറികടന്ന് കൊടും ക്രിമിനല്‍ ജയില്‍ ചാടിയതിലെ ദുരൂഹത തുടരുന്നു. അഴികള്‍ക്കുള്ളിലൂടെ കടക്കാന്‍ ഗോവിന്ദച്ചാമി കഴിഞ്ഞ കുറേ നാളായി ഭക്ഷണം കുറച്ച് ശരീരഭാരം കുറച്ചിരുന്നുവത്രേ! ഏതായാലും ജയില്‍ചാടി മണിക്കൂറുകള്‍ക്ക് ഉള്ളില്‍ത്തന്നെ പിടിക്കാനായതിന്റെ ആശ്വാസത്തിലും ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാകുന്നു.