ഹരിയാന ഫരീദാബാദിൽ ഭർതൃഗൃഹത്തിന് മുന്നിലെ കുഴിയിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തു. 24 കാരിയായ തനു സിങ്ങിൻ്റെ മൃതദേഹമാണ് പൊലീസ് കണ്ടെടുത്തത്. മൃതദേഹത്തിന് രണ്ട് മാസത്തിലധികം പഴക്കമുണ്ട്. സംഭവത്തിൽ തനുവിന്റെ ഭർത്താവ് അരുൺ സിങ്, ഭർതൃപിതാവ് ഭൂപ് സിങ്, ഭർതൃമാതാവ് സോണിയ, ഭർതൃ സഹോദരി കാജൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച പുലർച്ചെയാണ് വീടിന് പുറത്തുള്ള പൊതുവഴിയിലെ 10 അടി ആഴമുള്ള കുഴിയിൽ നിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ കാണാതായതിന് പിന്നാലെ നിർമിച്ച കോൺക്രീറ്റ് സ്ലാബിനടിയിലായിരുന്നു മൃതദേഹം.
മൃതദേഹം ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഭർതൃപിതാവ് ഭൂപ് സിങ് കുറ്റം സമ്മതിച്ചു. ഭാര്യ സോണിയയും മകൻ അരുണും സ്ഥലത്തില്ലാതിരുന്ന സമയത്ത്, ഭൂപ് സിങ് തനുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് ഭാഷ്യം. തുടർന്ന് വെള്ളം ഒഴുകിപ്പോകുന്നതിനായി കുഴിച്ച കുഴിയിൽ ഇയാൾ മൃതദേഹം തള്ളുകയായിരുന്നു.
കൊലപാതകം കഴിഞ്ഞ് പിറ്റേ ദിവസം, ഏപ്രിൽ 23ന് വീടിന് പുറത്ത് ഒരു മണ്ണുമാന്തി യന്ത്രം ഉണ്ടായിരുന്നെന്ന് അയൽക്കാർ പറയുന്നു. മലിനജലം ഒഴുകിപോകാൻ വീട്ടിൽ ശരിയായ സംവിധാനമില്ലെന്ന് പറഞ്ഞായിരുന്നു തനുവിന്റെ ഭർതൃപിതാവ് കുഴിയെടുത്തത്. കുഴി എടുത്ത ഉടൻ തന്നെ മൂടുകയും മുകളിൽ സിമന്റ് സ്ലാബ് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം തനുവിനെ ആരും കണ്ടിട്ടില്ല. യുവതി വീട് വിട്ടിറങ്ങിപോയെന്നായിരുന്നു ഭർതൃകുടുംബത്തിൻ്റെ വാദം.
ഡ്രെയിനേജ് നിർമാണമെന്ന പേരിൽ അരുൺ സിങ്ങും അച്ഛൻ ഭൂപ് സിങ്ങും ചേർന്ന് ഏകദേശം 10 അടി താഴ്ചയുള്ള ഒരു കുഴി കുഴിച്ചു. രണ്ട് ദിവസത്തിന് ശേഷം, ഏപ്രിൽ 25 ന്, തനുവിനെ കാണാനില്ലെന്നും, യുവതി വീട് വിട്ട് പോയെന്നും കാണിച്ച് ഭൂപ് സിങ്ങ് പൊലീസിൽ പരാതി നൽകി. ഇതോടെ സ്റ്റേഷനിൽ ഒരു മിസ്സിങ് പേഴ്‌സൺ റിപ്പോർട്ട് ഫയൽ ചെയ്തു.
എന്നാൽ തനുവിന്റെ സഹോദരി പ്രീതി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിക്കാഞ്ഞതോടെയാണ് കേസിൻ്റെ ഗതി മാറിയത്. ഇതോടെ തനുവിന് എന്തെങ്കിലും അപകടം സംഭവിച്ചേക്കാമെന്ന സംശയം വർധിച്ചു.
രണ്ട് വർഷം മുൻപായിരുന്നു ഷിക്കോഹാബാദ് സ്വദേശി തനുവിൻ്റെയും ഫരീദാബാദ് റോഷൻ നഗറിലെ അരുൺ സിങ്ങിൻ്റെയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞത് മുതൽക്കെ സഹോദരി സ്ത്രീധനത്തിന്റെ പേരിൽ പീഡനം നേരിടേണ്ടി വന്നിരുന്നുവെന്ന് സഹോദരി പ്രീതി പറയുന്നു. 2023 ജൂലൈയിൽ വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ, തനു സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയെന്നും, ഒരു വർഷത്തിലേറെ അവിടെ താമസിച്ചുവെന്നും പ്രീതി പറഞ്ഞു.
"വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം തനു ഞങ്ങളുടെ അമ്മയുടെ വീട്ടിൽ തിരിച്ചെത്തി. ഭർതൃവീട്ടിലെ മോശം പെരുമാറ്റം തന്നെയായിരുന്നു ഇതിന് കാരണം," പ്രീതി മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ഒരു വർഷത്തിലേറെ അവൾ ഞങ്ങളോടൊപ്പം താമസിച്ചു. ഒടുവിൽ അവളെ ഭർതൃവീട്ടിലേക്ക് തിരിച്ചയച്ചപ്പോൾ അവർ വീണ്ടും പീഡനം തുടർന്നു. അവളെ ഒരു ഫോൺ വിളിക്കാൻ പോലും അവർ അനുവദിച്ചിരുന്നില്ല" പ്രീതി പറയുന്നു.
മരണ സമയവും കാരണവും കൃത്യമായി കണ്ടെത്തുന്നതിനായി തനുവിന്റെ മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭർതൃകുടുംബത്തിലെ നാല് അംഗങ്ങൾ - ഭൂപ് സിങ്, ഭാര്യ സോണിയ, മകൻ അരുൺ, മകൾ കാജൽ - എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
"കൊലപാതകത്തിൽ മറ്റ് കുടുംബാംഗങ്ങൾക്ക് പങ്കുണ്ടോ എന്നതിൽ അന്വേഷണം നടക്കുകയാണ്. സ്ത്രീധനവുമായി ബന്ധപ്പെട്ട കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം തുടരുകയാണ്," എസിപി രാജേഷ് കുമാർ ലോച്ചനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കൊലപാതകം നടന്നെന്ന് പറയപ്പെടുന്ന സമയത്ത് കാജലും മറ്റ് കുടുംബാംഗങ്ങളും വീട്ടിൽ ഉണ്ടായിരുന്നുവെന്ന് എസിപി ലോചൻ പറയുന്നു. ഇവരിൽ ആർക്കെങ്കിലും സംഭവത്തിൽ മുൻകൂർ അറിവോ പങ്കാളിത്തമോ ഉണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.