NEWS MALAYALAM 24X7  
CRIME

തെറ്റിദ്ധരിപ്പിക്കാന്‍ കഴുത്തില്‍ മുറിവുണ്ടാക്കി; ചങ്ങനാശ്ശേരി വീട്ടമ്മയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

സാമ്പത്തിക കാര്യങ്ങളെ ചൊല്ലി താനും ഭാര്യയുമായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി

Author : ന്യൂസ് ഡെസ്ക്

ചങ്ങനാശ്ശേരി മോസ്‌കോയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. സംഭവത്തില്‍ മല്ലികയുടെ ഭര്‍ത്താവ് അനീഷിനെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. മോസ്‌കോ സ്വദേശി മല്ലിക (38) യാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഏപ്രില്‍ 28 നാണ് മല്ലികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളിലെ മുറിയിലാണ് മല്ലികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് അനീഷ് പോലീസിനോട് സമ്മതിച്ചു. മദ്യലഹരിയിലായിരുന്നു ആക്രമണമെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

സാമ്പത്തിക കാര്യങ്ങളെ ചൊല്ലി താനും ഭാര്യയുമായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി. കഴുത്തിനു ചുറ്റുമുണ്ടായ ബലപ്രയോഗമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആത്മഹത്യയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ കഴുത്തില്‍ മുറിവുണ്ടാക്കിയെന്നും പ്രതി സമ്മതിച്ചു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മല്ലികയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ക്ക് സംശയം തോന്നി പൊലീസില്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

മല്ലികയുടെ ശരീരമാസകലം രക്തത്തില്‍ കുളിച്ച നിലയില്‍ ആയിരുന്നു. അനീഷ് സ്ഥിരമായി വീട്ടില്‍ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുമായിരുന്നു. ഇതേതുടര്‍ന്ന് യുവതി നേരത്തെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

മല്ലിക ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാന്‍ അനീഷ് തുടക്കം മുതല്‍ ശ്രമിച്ചിരുന്നു. കൊലപാതകത്തിനു ശേഷം പുലര്‍ച്ചെ വാര്‍ഡ് മെമ്പറുടെ വീട്ടിലെത്തി ഭാര്യ മരിച്ചതായി അറിയിച്ചു. ഒരാഴ്ചയായി കോഴിക്കോട് ആയിരുന്നുവെന്നാണ് മെമ്പറോട് പറഞ്ഞിരുന്നത്.

ഇയാള്‍ ഭാര്യയുമായി ഒരുമിച്ച് മദ്യപിച്ചിരുന്നു. മദ്യപിക്കുന്നതിനിടെ കത്തി കഴുത്തില്‍ വെച്ച് താന്‍ മരിക്കുമെന്ന് ഭാര്യ പറഞ്ഞു. മദ്യലഹരിയില്‍ താന്‍ ബോധരഹിതനായെന്നും അനീഷ് പറഞ്ഞതായും വാര്‍ഡ് മെമ്പര്‍ പൊലീസിനോട് പറഞ്ഞിരുന്നു. സംഭവം കേട്ടതിന് പിന്നാലെ വീട്ടിലെത്തി നോക്കിയപ്പോള്‍ മല്ലികയുടെ മൃതദേഹം കണ്ടു. ശരീരത്തില്‍ ചോര ഉണങ്ങിയ നിലയില്‍ ആയിരുന്നുവെന്നും വാര്‍ഡ് ബിന്‍സണ്‍ പറഞ്ഞിരുന്നു.

SCROLL FOR NEXT