സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കോഴിക്കോട് നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ വയനാട് സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകം ആണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ കുത്തേറ്റപ്പാടുകളും, മര്‍ദ്ദനമേറ്റ പാടുകളും ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് സുല്‍ത്താന്‍ബത്തേരിക്ക് അടുത്തുള്ള ബീനാച്ചിയില്‍ വച്ചാണെന്ന് പോലീസ് പറയുന്നു.
കുറ്റകൃത്യത്തിനുശേഷം കുഴിച്ചിട്ട ഹേമചന്ദ്രന്റെ മൃതദേഹം തമിഴ്‌നാട് നീലഗിരി ചേരമ്പാടി വനത്തിലെ ചതുപ്പില്‍ നിന്ന് പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. ഇവിടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ഊട്ടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രാത്രി 11 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കേസിലെ മുഖ്യപ്രതിയായ നൗഷാദിനെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് തുടങ്ങി. നൗഷാദിന് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും.
2024 മാര്‍ച്ച് 20ന് കോഴിക്കോട് നിന്ന് തട്ടിക്കൊണ്ടുപോയ ഹേമചന്ദ്രനെ പിന്നീട് കൊണ്ടുപോയത് വയനാട് സുല്‍ത്താന്‍ ബത്തേരിക്ക് അടുത്തുള്ള ബീനാച്ചിയിലേക്കാണ്. ഇവിടെ മുഖ്യപ്രതി നൗഷാദിന്റെ പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ വച്ചായിരുന്നു മര്‍ദ്ദിച്ചതും, കൊലപ്പെടുത്തിയതുമെന്നാണ് പ്രതികള്‍ പോലീസിനെ നല്‍കിയ മൊഴി. മൃതദേഹം ഒളിപ്പിക്കാനും, കേസന്വേഷണത്തിന്റെ വഴിതെറ്റിക്കാനും ശ്രമിച്ച സുല്‍ത്താന്‍ബത്തേരി സ്വദേശികളായ ജ്യോതിഷ്, ബി.എസ് രാജേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വനത്തില്‍ കുഴിച്ചിട്ടതിലും, സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഡിഎന്‍എ പരിശോധനകള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
സിനിമാക്കഥയെ വെല്ലുന്ന സംഭവ വികാസങ്ങളാണ് ഹേമചന്ദ്രന്റെ തിരോധാനത്തില്‍ നടന്നത്. പുറംലോകം അറിയില്ലെന്ന് കരുതിയ കുറ്റകൃത്യമാണ് കേരള പൊലീസിന്റെ ശരിയായ അന്വേഷണത്തിലൂടെ പുറത്തായത്. വളരെ രഹസ്യമായിട്ടായിരുന്നു പൊലീസിന്റെ ഓപ്പറേഷന്‍. 2024 മാര്‍ച്ച് 20 നാണ് സംഭവങ്ങളുടെ തുടക്കം. ഹേമചന്ദ്രനെ പെണ്‍സുഹൃത്തിനെ കൊണ്ടു വിളിപ്പിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപമെത്തിച്ചു. ഇവിടെ നിന്ന് ഹേമചന്ദ്രനെ രണ്ടു പേര്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഇയാളെ കാണാതാവുകയായിരുന്നു. ഭാര്യ സുബിഷ മെഡിക്കല്‍ കോളേജ് പൊലീസിന് നല്‍കിയ പരാതിയില്‍ 2024 ഏപ്രില്‍ ഒന്നിന് കേസ് രജിസ്റ്റര്‍ ചെയ്തു. മെഡിക്കല്‍ കോളജ് എസിപി എ. ഉമേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെന്ന് സംശയിക്കുന്നവരിലേക്ക് അന്വേഷണം എത്തിയത്.
ഹേമചന്ദ്രന് നിരവധി പേരുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. പ്രതി നൗഷാദ് ഹേമചന്ദ്രന് പണം കടം നല്‍കിയിരുന്നു. നിരവധി തവണ തിരിച്ചു ചോദിച്ചെങ്കിലും പണം തിരികെ നല്‍കാന്‍ ഹേമചന്ദ്രന്‍ തയ്യാറാകാത്തതാണ് തട്ടിക്കൊണ്ടു പോകലിനും, കൊലപാതകത്തിനും വഴി തെളിയിച്ചത്. കൊലപാതകത്തിന് ശേഷം നീലഗിരി ചേരമ്പാടിയിലെ വനത്തിനുള്ളില്‍ മൃതദേഹം മറവു ചെയ്യാന്‍ സഹായിച്ച രണ്ടു പേരാണ് അജീഷും, ജ്യോതിഷും. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കേസില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്. വനത്തിലെ ചതുപ്പില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം അഴുകിയ നിലയില്‍ അല്ലായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഹേമ ചന്ദ്രന്റെ കോള്‍ റെക്കോര്‍ഡുകളും സംഭവമായി ബന്ധപ്പെട്ടവരുടെ ടവര്‍ ലൊക്കേഷനുകളും പൊലീസ് പരിശോധിച്ചിരുന്നു. ഇതാണ് കേസില്‍ നിര്‍ണായ വഴിത്തിരിവായത്.