പ്രശസ്ത കന്നഡ ടെലിവിഷന്‍ നടിയും അവതാരകയുമായ മഞ്ജുള ശ്രുതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഭര്‍ത്താവിന്റെ ആക്രമണത്തിലാണ് നടിക്ക് പരിക്കേറ്റത്. ഈ മാസം ആദ്യം നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്.
ഭര്‍ത്താവ് അമരേഷുമായി മാസങ്ങളായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു മഞ്ജുള ശ്രുതി. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജൂണ്‍ നാലിനാണ് ആക്രമണം നടന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കന്നഡയിലെ പ്രമുഖ സീരിയലായ അമൃതധാരയിലൂടെ ശ്രദ്ധേയയായ നടിയാണ് മഞ്ജുള ശ്രുതി.
ഇരുപത് വര്‍ഷം മുമ്പാണ് ഓട്ടോ ഡ്രൈവറായ അമരേഷും മഞ്ജുള ശ്രുതിയും പ്രണയിച്ച് വിവാഹം കഴിച്ചത്. കോളേജ് വിദ്യാര്‍ഥികളായ രണ്ട് കുട്ടികളും ഇവര്‍ക്കുണ്ട്. അടുത്തിടെയുണ്ടായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് നടി ഭര്‍ത്താവില്‍ നിന്നും വേര്‍പെട്ട് സഹോദരനൊപ്പമായിരുന്നു താമസിച്ചിരുന്നത്.
മൂന്ന് മാസമായി സഹോദരനൊപ്പമാണ് മഞ്ജുള ശ്രുതി താമസിച്ചിരുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്താവിനെതിരെ അടുത്തിടെ ഗാര്‍ഹിക-സ്ത്രീധന പീഡനം ആരോപിച്ച് ശ്രുതി കേസ് നല്‍കിയിരുന്നു. എന്നാല്‍, ആക്രമണത്തിന് തലേദിവസം ഇരുവരും പ്രശ്‌നങ്ങള്‍ പരിഹരിച്ച് രമ്യതയിലെത്തിയിരുന്നു.
ഇതിനു ശേഷം തൊട്ടടുത്ത ദിവസമാണ് അമരേഷ് ശ്രുതിയെ വീട്ടില്‍ കയറി ആക്രമിച്ചത്. ജുലൈ മൂന്നിനായിരുന്നു ഇരുവരും തമ്മില്‍ ചര്‍ച്ച നടന്നത്. ജുലൈ നാലിന് ശ്രുതിയുടെ വീട്ടിലെത്തിയ അമരേഷ് ആക്രമിക്കുകയായിരുന്നു. ആദ്യം പെപ്പര്‍ സ്‌പ്രേ മുഖത്തേക്ക് അടിച്ചു, ഇതിനു ശേഷം കത്തികൊണ്ട് നിരവധി തവണ കുത്തി. ശ്രുതിയുടെ വാരിയെല്ലുകള്‍ക്കും തുടയിലും കഴുത്തിലും പരിക്കേറ്റിട്ടുണ്ട്. കൂടാതെ തല ഭിത്തിയില്‍ ഇടിച്ചതായും റിപ്പോര്‍ട്ടുണ്ട്.
നിലവില്‍ ബെംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രുതി അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് വധശ്രമത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.