കൊല്ലപ്പെട്ട ദർഷിത  NEWS MALAYALAM 24X7
CRIME

വായില്‍ ഡിറ്റനേറ്റര്‍ തിരുകി പൊട്ടിച്ചു; ദര്‍ഷിതയുടെ കൊലപാതകം അതിക്രൂരമായി

കഴിഞ്ഞ ദിവസമാണ് കണ്ണൂരിൽ 30 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയും ഒപ്പം ദര്‍ഷിതയേയും കാണാതായത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂര്‍: കല്യാട്ടെ മോഷണം നടന്ന വീട്ടില്‍ നിന്നും കാണാതായ യുവതി ദര്‍ഷിത (22) യെ കൊലപ്പെടുത്തിയത് അതിക്രൂരമായി. ദര്‍ഷിതയുടെ വായില്‍ തിരുകിയ ഡിറ്റനേറ്റര്‍ പൊട്ടിച്ചാണ് കൊലപ്പെടുത്തിയത്. കര്‍ണാടകയിലെ സാലിഗ്രാമത്തിലെ ലോഡ്ജില്‍ വെച്ചാണ് യുവതി കൊല്ലപ്പെട്ടത്.

ദര്‍ഷിതയുടെ സുഹൃത്ത് കര്‍ണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജു (22) വിനെ കര്‍ണാടക പൊലീസ് പിടികൂടിയിട്ടുണ്ട്. കണ്ണൂരുള്ള ദര്‍ഷിതയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം 30 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയും ഒപ്പം ദര്‍ഷിതയേയും കാണാതായത്.

സ്വര്‍ണവും പണവും കാണാതായ ദിവസമാണ് ദര്‍ഷിത വീട് പൂട്ടി കര്‍ണാടകയിലെ സ്വന്തം നാട്ടിലേക്ക് പോയത്. സ്വര്‍ണവും പണവും കാണായതായതിനു പിന്നില്‍ ദര്‍ഷിതയും സുഹൃത്തുമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇന്നലെ രാത്രിയോടെയാണ് സാലിഗ്രാമത്തിലെ ലോഡ്ജില്‍ ദര്‍ഷിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കര്‍ണാടക ഹുന്‍സൂര്‍ സ്വദേശിയാണ് ദര്‍ഷിത. കണ്ണൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും മകളുമായി വീട്ടിലേക്കെന്ന് പറഞ്ഞാണ് ദര്‍ഷിത പോയത്. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യയാണ് ദര്‍ഷിത. സുഭാഷ് വിദേശത്താണ്.

പണവും സ്വര്‍ണവും കവര്‍ന്ന് കര്‍ണാടകയിലെ ലോഡ്ജില്‍ എത്തിയതിനു ശേഷം സിദ്ധരാജുവും ദര്‍ഷിതയും തമ്മില്‍ വാക്കേറ്റമുണ്ടായതായാണ് സൂചന. ഇതോടെ സിദ്ധരാജു ദര്‍ഷിതയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി ഷോക്കേല്‍പ്പിച്ചതായാണ് പൊലീസ് പറയുന്നത്. മുഖം ഉള്‍പ്പെടെ ഇടിച്ചു വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. മകളെ സ്വന്തം വീട്ടിലാക്കിയാണ് ദര്‍ഷിത ലോഡ്ജിലെത്തിയത്.

വീട്ടിലെ സ്വര്‍ണവും പണവും മോഷണം പോയത് അന്വേഷിക്കാനെത്തിയ പൊലീസിന് ദര്‍ഷിതയുടെ മേല്‍ സംശയം തോന്നിയിരുന്നു. വീട്ടിലേക്ക് പുറത്തു നിന്ന് ആരും വന്നതിന്റെ ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. കര്‍ണാടകയിലേക്ക് പോയ ദര്‍ഷിതയെ പലതവണ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെയാണ് സംശയം ഉയര്‍ന്നത്. ഇതിനിടയിലാണ് യുവതി കൊല്ലപ്പെട്ടതായി കര്‍ണാടക പൊലീസ് അറിയിക്കുന്നത്.

മുറിയെടുത്ത ശേഷം ഭക്ഷണം വാങ്ങാന്‍ പോയി മടങ്ങി വന്നപ്പോള്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

SCROLL FOR NEXT