കാസര്‍ഗോഡ്: പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് സസ്‌പെന്‍ഡ് ചെയ്തത്. എഇഒ സൈനുദ്ദീനെതിരെയാണ് നടപടി.
കാസര്‍ഗോഡ് സ്വദേശിയായ കുട്ടിയെ നിരവധി പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ഗേ ഗ്രൂപ്പുകാര്‍ക്കായുള്ള ഗ്രിന്‍ഡര്‍ എന്ന ആപ്പിലൂടെയാണ് കുട്ടിയെ കോഴിക്കോടും കണ്ണൂരും അടക്കം എത്തിച്ച് പീഡിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് പുറമെ, രാഷ്ട്രീയ നേതാവും ആര്‍പിഎഫ് ഉദ്യോഗസ്ഥനും കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. കുട്ടിക്ക് ഇവര്‍ പണം നല്‍കിയതായും കണ്ടെത്തി. ഗൂഗിള്‍ പേ വഴിയുള്ള ഇടപാടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 16 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായ പത്തുപേരെ കോടതി റിമാന്റ് ചെയ്തു.
ഡേറ്റിംഗ് ആപ്പുകളില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകൂ എന്നിരിക്കെയാണ് പതിനാലുകാരന്‍ ഗ്രൈന്‍ഡറില്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ആപ്പിലൂടെ പരിചയപ്പെട്ടവരുമായി കുട്ടി സമ്പര്‍ക്കം തുടര്‍ന്നു. ഡേറ്റ് ചെയ്യുന്നവര്‍ക്ക് നേരിട്ട് കാണാനുള്ള അവസരം ആപ്പ് ഒരുക്കാറുണ്ട്. ഇത് ഉപയോഗിച്ചാണ് പ്രതികള്‍ കുട്ടിയെ നേരിട്ട് കണ്ടത്. പ്രതികള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് കുട്ടി എത്തുകയും അവിടെ വെച്ച് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നു.
കഴിഞ്ഞ ദിവസം പ്രതികളിലൊരാള്‍ കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. കുട്ടിയുടെ അമ്മയെ കണ്ട പ്രതി ഓടിരക്ഷപ്പെട്ടു. ഇതില്‍ സംശയം തോന്നിയ അമ്മ ചന്തേര പൊലീസിന് നല്‍കിയ പരാതിയാണ് പീഡനത്തിന്റെ ചുരുളഴിച്ചത്. രണ്ട് വര്‍ഷത്തോളമായി നടന്ന ലൈംഗിക ചൂഷണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ചൈല്‍ഡ് ലൈന്‍ ഒരുക്കിയ കൗണ്‍സിലിംഗില്‍ കുട്ടി വെളിപ്പെടുത്തി. കുട്ടി വെളിപ്പെടുത്തിയ പേരുകള്‍ പലതും പ്രമുഖരുടേതായിരുന്നു. രാഷ്ട്രീയ നേതാവ് ഉള്‍പ്പടെ, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, റെയില്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. പ്രതികളില്‍ പലരും കുട്ടിക്ക് പണം നല്‍കിയതായും കണ്ടെത്തി. ഓണ്‍ലൈന്‍ വഴിയായിരുന്നു പലപ്പോഴും പണം കൈമാറിയത്.
ഈ ഇടപാടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് പൊലീസിനെ എത്തിച്ചത്. നിലവില്‍ 16 പേരെയാണ് പ്രതിച്ചേര്‍ത്തിട്ടുള്ളത്. ഇതില്‍ 6 പേര്‍ കാസര്‍ഗോഡ് ജില്ലയ്ക്ക് പുറത്തുള്ളവരാണ്. റംസാന്‍, സൈനുദ്ദീന്‍, സുഗേഷ്, റഹീസ്, അബ്ദുറഹ്‌മാന്‍, അഫ്‌സല്‍, ചിത്രരാജ്, ഷിജിത്ത്, മണികണ്ഠന്‍, സിറാജുദീന്‍ എന്നിവരാണ് പിടിയിലായ പ്രതികള്‍. പ്രതിയായ സൈനുദ്ദീന്‍ എഇഒയും ചിത്രരാജ് റെയില്‍വേ ജീവനക്കാരനും സിറാജുദീന്‍ പ്രാദേശിക നേതാവുമാണ്. സിറാജുദ്ദീന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. ചന്തേര, വെള്ളരിക്കുണ്ട്, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനുകളിലെ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസില്‍ കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിക്കും.