CRIME

ഒരുമിച്ച് ജീവനൊടുക്കാമെന്ന് വിശ്വസിപ്പിച്ചു, കഴുത്തിൽ കുരുക്കിട്ടയുടൻ സ്റ്റൂൾ തട്ടി മാറ്റി; പ്രതിക്ക് ലൈംഗിക വൈകൃതം; എലത്തൂരിലെ യുവതിയുടെ മരണം കൊലപാതകം

ചെറിയ പ്രായം മുതൽ തന്നെ വൈശാഖൻ ഈ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി

Author : ലിൻ്റു ഗീത

കോഴിക്കോട്: എലത്തൂരില്‍ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഒരുമിച്ച് ജീവനൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ച് വരുത്തി ആൺസുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ സുഹൃത്ത് വൈശാഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ സഹോദരിയുടെ ഭർത്താവാണ് വൈശാഖൻ. പ്രതി ലൈംഗിക വൈകൃതമുള്ള ആളാണെന്നും യുവതിയെ കൊന്നശേഷവും ഇയാൾ ലൈംഗികാതിക്രമം തുടർന്നുവെന്നുമാണ് പൊലീസ് അറിയിക്കുന്നത്.

ജ്യൂസിൽ ഉറക്ക ഗുളിക നൽകിയ ശേഷം ജീവനൊടുക്കാൻ കഴുത്തിൽ കുരുക്കിടാൻ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. യുവതിയുമായുള്ള ബന്ധം പുറത്തറിയും എന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. യുവതി മരിച്ചത് ബന്ധുക്കളെ അറിയിച്ചതും ആശുപത്രിയിൽ കൊണ്ടുപോയതും വൈശാഖൻ തന്നെയാണെന്നും പൊലീസ് വ്യക്തമാക്കി.

ഈ മാസം 24നാണ് യുവതിയെ എലത്തൂരിലെ വർക്ക് ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈശാഖന്റെ ഉടമസ്ഥതയിലുള്ള വർക് ഷോപ്പാണിത്. വർഷങ്ങളായി വൈശാഖനും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചെറിയ പ്രായം മുതൽ തന്നെ വൈശാഖൻ ഈ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി.

അടുത്ത കാലത്ത് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രതി ഒഴിഞ്ഞുമാറി. ഒന്നിച്ചു ജീവിക്കാൻ പറ്റില്ലെങ്കിലും ഒന്നിച്ചു മരിക്കാമെന്ന് പറഞ്ഞ് വൈശാഖൻ യുവതിയെ വർക്ക് ഷോപ്പിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. രണ്ടുപേർക്കും മരിക്കാനായി കുരുക്ക് തയ്യാറാക്കിയ വൈശാഖൻ യുവതി കഴുത്തിൽ കുരുക്കിട്ടയുടൻ സ്റ്റൂൾ തട്ടി മാറ്റി. മരണം ഉറപ്പിച്ചതിനു പിന്നാലെ ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായും പൊലീസ് പറയുന്നു.

പ്രണയം നടിച്ച് ഇയാള്‍ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പോക്സോ വകുപ്പുള്‍പ്പെടെ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. തട്ടമ്പാട്ടുത്താഴം സ്വദേശികളാണ് യുവതിയും വൈശാഖനും. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് എലത്തൂര്‍ പൊലീസ് വ്യക്തമാക്കി.

SCROLL FOR NEXT