കോയിപ്രം മർദന കേസ് Source: News Malayalam 24x7
CRIME

നഖം പിഴുതെടുക്കാൻ പ്ലെയർ, വെട്ടുകത്തി; കോയിപ്രം മർദനക്കേസില്‍ പ്രതികളുടെ വീട്ടിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെത്തി

പ്രതികൾക്കായി നാളെ കസ്റ്റഡി അപേക്ഷ നൽകാനാണ് കോയിപ്രം പൊലീസിന്റെ തീരുമാനം

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: കോയിപ്രം മർദന കേസിൽ പ്രതികളുടെ വീട്ടിൽ നിന്ന് മൊബൈൽ ഫോണുകളും വെട്ടുകത്തിയും കണ്ടെത്തി. പ്രതികളുടെ വീട്ടിൽ നടത്തിയ തെരച്ചിലാണ് അന്വേഷണസംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചത്. പ്രതികൾക്കായി നാളെ കസ്റ്റഡി അപേക്ഷ നൽകാനാണ് കോയിപ്രം പൊലീസിന്റെ തീരുമാനം.

ആലപ്പുഴ സ്വദേശിയുമായി പ്രതികളായ ജയേഷിന്റെയും രശ്മിയുടെയും വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ രണ്ട് ഫോണും റാന്നി സ്വദേശിയുടെ ഒരു ഫോണും വെട്ടുകത്തിയും കണ്ടെത്തിയത്. നഖം പിഴുതെടുക്കാൻ ഉപയോഗിച്ചതായി കരുതുന്ന പ്ലെയറും വീട്ടിൽ നിന്ന് കണ്ടെടുത്തു. കണ്ടെത്തിയ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കോയിപ്രം പൊലീസ് സ്റ്റേഷനിൽ എത്തിച്ച ആലപ്പുഴ സ്വദേശിയുടെ വിശദമായ മൊഴിയെടുത്ത ശേഷം ആയിരുന്നു സംഭവ സ്ഥലത്തും എത്തിച്ചത്. ആദ്യഘട്ടത്തിൽ ഇരകൾ കൃത്യമായ മൊഴി നൽകാൻ പോലും തയ്യാറായിരുന്നില്ലെങ്കിലും ഇന്നലെ നടന്ന മൊഴിയെടുപ്പിലൂടെ കൂടുതൽ കാര്യങ്ങളിൽ അന്വേഷണ സംഘത്തിന് വ്യക്തത വന്നിട്ടുണ്ട്. ഇരകളുടെ നഗ്ന ദൃശ്യങ്ങൾ അടക്കം പ്രതികളുടെ പക്കൽ ഉണ്ട്. പ്രതി ജയേഷിന്റെ ഫോണിൽ കൂടുതൽ പീഡന ദൃശ്യങ്ങളും ഉണ്ട്. ഇവ സൈബർ വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുക്കാൻ ആണ് ആലോചന. ഈ ദൃശ്യങ്ങളിൽ കൂടുതൽ ഇരകൾ പീഡനത്തിന് ഇരയായ തെളിവുകൾ ഉണ്ടെന്നും അന്വേഷണസംഘം കരുതുന്നു. പ്രതികളെ കസ്റ്റഡിയിൽ കിട്ടാനുള്ള അപേക്ഷ നാളെ നൽകും.

ഭാര്യ രശ്മിയുമായി സൗഹൃദം ഉണ്ടെന്ന സംശയത്തിൽ സുഹൃത്തുക്കളെ വീട്ടിലെത്തിച്ചു മർദിച്ചു എന്നതാണ് പൊലീസിന്റെ ഇതുവരെയുള്ള നിഗമനം. കുറ്റകൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ജയേഷിന്റെ ഫോണിൽ നിന്നും വീണ്ടെടുക്കുന്ന ദൃശ്യങ്ങളിൽ കൂടുതൽ ഇരകൾ ഉള്ളതായി തെളിഞ്ഞാൽ കേസിന്റെ സ്വഭാവം തന്നെ മാറും. വിശദമായ ചോദ്യം ചെയ്യലിലൂടെയും ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധനയിലൂടെയും സംഭവത്തിലെ ദുരൂഹത നീക്കാൻ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം.

SCROLL FOR NEXT