കൊൽക്കത്ത ലോ കോളേജിലെ ബലാത്സംഗക്കേസിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്ത് പൊലീസ്. നിയമ വിദ്യാർഥിനിയെ രണ്ട് പ്രതികൾ കോളേജ് ഗേറ്റിൽ നിന്ന് കോളേജിനകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തെന്ന് കൊൽക്കത്ത പൊലീസ് അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. മുഖ്യപ്രതി മനോജിത് മിശ്രയുടെ നിർദേശപ്രകാരം മറ്റ് പ്രതികളെ തന്നെ വലിച്ചിഴച്ച് ഗാർഡ് റൂമിലേക്ക് കൊണ്ടുപോയെന്ന നിയമ വിദ്യാർഥിനിയുടെ പരാതിയും ആരോപണങ്ങളും ശരിവെക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്.
"സിസിടിവി ദൃശ്യങ്ങൾ സ്ത്രീയുടെ ആരോപണങ്ങൾ ശരിവെക്കുന്നു. മൂന്ന് പ്രതികളുടെയും, സുരക്ഷാ ജീവനക്കാരന്റെയും, ഇരയുടെയും നീക്കങ്ങൾ ഇതിൽ കാണിക്കുന്നുണ്ട്. ഞങ്ങൾ ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്," പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രധാന പ്രതിയുടെ വിവാഹാഭ്യർത്ഥന നിരസിച്ചതിനാലാണ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് സംശയിക്കുന്നതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കേസിൽ നാല് പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. മനോജിത് മിശ്ര, പ്രോമിത് മുഖർജി, സെയ്ദ് അഹമ്മദ്, കോളേജ് ഗാർഡ് എന്നിവരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. മനോജിത് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തുവെന്നും മറ്റ് രണ്ട് പേർ പിന്നീട് അവളെ ബ്ലാക്ക് മെയിൽ ചെയ്യുന്നതിനായി വീഡിയോകൾ ഷൂട്ട് ചെയ്തുവെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
മനോജിത് മിശ്ര തൃണമൂലിന്റെ യുവജന വിഭാഗത്തിന്റെ ഭാഗമാണ്. എന്നാൽ ശിക്ഷയിൽ നിന്ന് പ്രതിയെ സംരക്ഷിക്കില്ലെന്ന് പാർട്ടി അറിയിച്ചു. അതേസമയം, മനോജിത് മിശ്രയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മറ്റ് വിദ്യാർഥികൾ രംഗത്തെത്തി. സമാന കുറ്റകൃത്യം നിരന്തരം ചെയ്തിരുന്നയാളാണ് മനോജിത്തെന്ന് സഹപാഠികളും ജൂനിയർ വിദ്യാർഥികളും വെളിപ്പെടുത്തി. മനോജിത്തിനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടും ഉന്നത രാഷ്ട്രീയ സ്വാധീനം കണക്കിലെടുത്ത് അതെല്ലാം കോളജ് അധികൃതർ അവഗണിക്കുകയായിരുന്നുവെന്നും വിദ്യാർഥികൾ പറഞ്ഞു.
മുൻപ് പല വിദ്യാർഥികളോടും ഇയാൾ ലൈംഗിക അതിക്രമം നടത്തിയിട്ടുണ്ട്. അതിക്രമം നടത്തുന്നതിന് മുൻപ് മനോജിത് പെൺകുട്ടികളോട് വിവാഹാഭ്യാർഥന നടത്തിയിരുന്നതായും വിദ്യാർഥികൾ പറയുന്നു. കൂട്ട ബലാത്സംഗത്തിനിരയായ പെൺകുട്ടിയോടും ഇങ്ങനെ ചോദിച്ചിരുന്നു. സ്വകാര്യനിമിഷങ്ങൾ മൊബൈലിൽ പകർത്തി സുഹൃത്തുക്കളെ കാണിക്കുന്നതും ഇയാൾക്ക് ഒരു ഹരമായിരുന്നുവെന്നും ഇവരുടെ വെളിപ്പെടുത്തലിൽ ഉൾപ്പെടുന്നു.