കോഴിക്കോട്: പയ്യാനക്കലിൽ കുട്ടിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രതി കാസർഗോഡ് സ്വദേശി സിനാൻ അലി യൂസഫിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കാനാണ് തട്ടി കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് പന്നിയങ്കര സിഐ എസ്. സതീഷ് കുമാർ പറഞ്ഞു. തട്ടി കൊണ്ടുപോകാൻ പ്രതി കൃത്യമായ ആസൂത്രണം നടത്തിയിരുന്നു. മുഖം മൂടി കരുതിയിരുന്നു. കുട്ടിയെ കർണാടകയിലേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചത്. പ്രതി സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. കർണാടക പൊലീസിനെ കരിങ്കല്ലുകൊണ്ട് തലക്കടിച്ച കേസിൽ പ്രതിയാണ് സിനാൻ അലി യൂസഫ്.
ബീച്ച് ആശുപത്രിക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്ന് മോഷ്ടിച്ച കാറിലാണ് സിനാൻ അലി കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മദ്രസ കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന കുട്ടിയെ വീട്ടിൽ വിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റാൻ ശ്രമിക്കുകയായിരുന്നെന്ന് ദൃക്സാക്ഷി പറയുന്നു. എന്നാൽ കുട്ടി നടന്ന് പോകാമെന്ന് പറയുകയായിരുന്നു. ഇത് കണ്ട് സംശയം തോന്നിയ ആളുകൾ കാര്യം അന്വേഷിച്ചപ്പോഴാണ് കാർ മോഷ്ടിച്ചതാണെന്നും, കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നും മനസിലായെന്നും ദൃസാക്ഷികൾ പറയുന്നു.