കോഴിക്കോട്: വെസ്റ്റ് ഹിൽ സ്വദേശി വിജിലിന്റെ മരണത്തിൽ തെളിവെടുപ്പ് ആരംഭിച്ച് അന്വേഷണ സംഘം. പ്രതികൾ ഉപേക്ഷിച്ച വിജിലിന്റെ ബൈക്ക് കല്ലായി റെയിൽവേ സ്റ്റേഷൻ പരിസരത്തെ കാട്ടിൽ നിന്ന് കണ്ടെടുത്തു. മൃതദേഹം കണ്ടെടുക്കാനായി നാളെ സരോവരത്ത് മണ്ണ് നീക്കി പരിശോധന നടത്തും. പ്രതികൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും സുഹൃത്തുക്കളുടെ മൊഴിയിൽ വിശ്വാസമില്ലെന്നും വിജിലിന്റെ കുടുംബാംഗങ്ങൾ ന്യൂസ് മലയാളത്തോട് പറഞ്ഞു.
കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിലിനെ കുഴിച്ചുമൂടിയ കേസിലെ ഒന്നാം പ്രതി എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, മൂന്നാം പ്രതി വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കസ്റ്റഡി കാലാവധി അവസാനിക്കും മുൻപ് തന്നെ പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. വിജിലിന്റെ ബൈക്കും, മൊബൈൽ ഫോണും കല്ലായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ ഒന്നാം പ്രതിയായ നിഖിലുമായി കല്ലായി റെയിൽവേ സ്റ്റേഷനിൽ എത്തി തെളിവെടുത്തു. റെയിൽവേ സ്റ്റേഷന് സമീപത്തെ കാട്ടിൽ നിന്ന് ബൈക്ക് കണ്ടെത്തി. മൃതദേഹം കെട്ടിത്താഴ്ത്തിയ സരോവരത്ത് നാളെ തെളിവെടുപ്പ് നടത്തും.
സരോവരത്തിന് സമീപം ചതുപ്പിൽ താഴ്ത്തി എട്ട് മാസങ്ങൾക്ക് ശേഷം വിജിലിന്റെ അസ്തികൾ കുഴിച്ചെടുത്ത് കടലിൽ ഒഴുക്കിയതായും, സംസ്കാരക്രിയകൾ നടത്തിയതായും പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൊഴി പുറത്തുവന്നതോടെ ഞെട്ടലിലാണ് കുടുംബം. എന്നാൽ മൊഴികൾ വിശ്വാസ യോഗ്യമല്ലെന്ന് കുടുംബം പറയുന്നത്. വിജിൽ നേരത്തെ ലഹരി ഉപയോഗിക്കുമായിരുന്നില്ല. തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാനും, തെളിവുകൾ നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചിരുന്നുവെന്ന് വിജിലിന്റെ അച്ഛൻ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന പ്രതികളിൽ ഒരാളായ നിഖിലിനെ ബെംഗളൂരുവിൽ എത്തിയാണ് എലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദീപേഷിനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ രഞ്ജിത്ത് ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. മനപ്പൂർവം അല്ലാത്ത നരഹത്യ, സംഘം ചേർന്നുള്ള കുറ്റകൃത്യം, തെളിവ് നശിപ്പിക്കൽ, മൃതദേഹത്തോടുള്ള അനാദരവ് എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ്.