പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ കുഞ്ഞുങ്ങളെ വെള്ളത്തൊട്ടിയില്‍ മുക്കിക്കൊന്ന കേസില്‍ അമ്മയുടെ സുഹൃത്തും അറസ്റ്റില്‍. അമ്മ നിവേദ്യയുടെ സുഹൃത്തായ മാര്ട്ടിന് ഇഗ്നേഷ്യസിന് നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്ന സമയത്ത് ഇയാള്‍ വീട്ടില്‍ ഉണ്ടായിരുന്നതായും പൊലീസ്.
ആരെങ്കിലും വീട്ടിലേക്ക് വരുന്നുണ്ടോ എന്ന് നോക്കിയത് മാര്‍ട്ടിനാണെന്നാണ് പൊലീസ് കണ്ടെത്തല്‍. നിവേദ്യയുമായുള്ള തെളിവെടുപ്പിനിടെയാണ് കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചത്. പൊലീസിന് ഇതുസംബന്ധിച്ച് നേരത്തെ സംശയമുണ്ടായിരുന്നു. പ്രതിക്ക് ഒറ്റയ്ക്ക് കുറ്റകൃത്യം ചെയ്യാന്‍ സാധിക്കില്ലെന്നും പുറത്ത് നിന്ന് ഒരാളുടെ സഹായം ലഭിച്ചിരിക്കാമെന്നുമായിരുന്നു പൊലീസിന്റെ നിഗമനം.
തെളിവെടുപ്പിനിടയില്‍ മറ്റൊരാള്‍ കൂടി സഹായത്തിന് ഉണ്ടായിരുന്നതായി നിവേദ്യ തുറന്ന് സമ്മതിച്ചു.
സെപ്റ്റംബര്‍ 29 നാണ് വടകരപ്പതി പഴണിയാര്‍പാളയം മണല്‍ക്കാട് ജോണ്‍കുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫര്‍ ജൂലിയറ്റ് (5), റോബിന് ക്രിസ്റ്റഫര്‍ (3) എന്നിവരെ വീട്ടിലെ കുളിമുറിയില്‍ വെള്ളത്തൊട്ടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുങ്ങിമരണമാണെന്ന നിഗമനത്തിലായിരുന്നു പോലീസ്.
കുഞ്ഞുങ്ങള്‍ മരിക്കുന്ന സമയത്ത് അവര്‍ക്കൊപ്പം അമ്മയായ നിവേദ്യ മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യം ഇവര്‍ കുറ്റം സമ്മതിച്ചിരുന്നില്ലെങ്കിലും പിന്നീടുള്ള ചോദ്യം ചെയ്യലില്‍ കൊലപാതകം ചെയ്തെന്ന് സമ്മതിക്കുകയായിരുന്നു.