UK Man Kills Roommate Days Before Her Portugal Move, Hides Dismembered Body In Freezer For 3 Years News Malayalam 24x7
CRIME

റൂംമേറ്റിനെ കൊലപ്പെടുത്തി മൂന്ന് വർഷത്തോളം ഫ്രീസറിൽ ഒളിപ്പിച്ചു: 65 കാരന്‍റെ വിചാരണ ആരംഭിച്ചു

കൊലപാതകം നടത്തിയതിന് തൊട്ടുപിന്നാലെ ഡെലിയയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുകയും ഓൺലൈൻ വഴി പുതിയ ചെസ്റ്റ് ഫ്രീസർ ഓർഡർ ചെയ്ത് വരുത്തുകയുമായിരുന്നു പ്രതി.

Author : ന്യൂസ് ഡെസ്ക്

ലണ്ടന്‍: യുകെയിലെ മെഴ്‌സിസൈഡിൽ സുഹൃത്തും റൂംമേറ്റുമായ 62-കാരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി മൂന്ന് വർഷത്തോളം ഫ്രീസറിൽ ഒളിപ്പിച്ചുവെച്ച കേസിൽ 65 കാരനായ ജോർജ്ജ് ഗോർഡനെതിരെയുള്ള വിചാരണ ലിവർപൂൾ ക്രൗൺ കോടതിയിൽ ആരംഭിച്ചു. കൊലപാതകത്തിന് ശേഷം യുവതിയുടെ അഞ്ച് വളർത്തുമൃഗങ്ങളെയും ഇയാൾ ഫ്രീസറിൽ സൂക്ഷിച്ചിരുന്നതായാണ് പ്രോസിക്യൂഷൻ കോടതിയിൽ വെളിപ്പെടുത്തിയ നടുക്കുന്ന വിവരങ്ങൾ. 2

2023 ഏപ്രിലിൽ ഡെലിയ മക്ഇനെർണി എന്ന വനിതയെയാണ് ഗോർഡൻ ക്രൂരമായി കൊലപ്പെടുത്തിയത്. തന്റെ വളർത്തുമൃഗങ്ങളോടൊപ്പം പോർച്ചുഗലിലേക്ക് താമസം മാറി പുതിയ ജീവിതം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയായിരുന്നു ഡെലിയ കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയതിന് തൊട്ടുപിന്നാലെ ഡെലിയയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുകയും ഓൺലൈൻ വഴി പുതിയ ചെസ്റ്റ് ഫ്രീസർ ഓർഡർ ചെയ്ത് വരുത്തുകയുമായിരുന്നു പ്രതി. തുടർന്ന് മൃതദേഹം കഷണങ്ങളാക്കി ഫ്രീസറിൽ ഒളിപ്പിച്ചു. ഡെലിയയുടെ അഞ്ച് വളർത്തു ഗിനിയ പന്നികളെ മുക്കിക്കൊന്ന ശേഷമാണ് മൃതദേഹത്തോടൊപ്പം ഫ്രീസറിലേക്ക് തള്ളിയത്.

മൂന്ന് വർഷത്തോളം യുവതി ജീവിച്ചിരിപ്പുണ്ടെന്ന് വരുത്തിത്തീർക്കാൻ അവരുടെ ഫോണിൽ നിന്ന് സുഹൃത്തുക്കൾക്കും അയൽവാസികൾക്കും വ്യാജ സന്ദേശങ്ങൾ അയക്കുകയും അവർ സുഖമില്ലാതെ കഴിയുകയാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ ഡെലിയയുടെ പേരിൽ വ്യാജമായി ക്രെഡിറ്റ് കാർഡുകളും വായ്പകളും സ്വന്തമാക്കി ആയിരക്കണക്കിന് പൗണ്ട് പ്രതി തട്ടിയെടുക്കുകയും ചെയ്തു.

യുവതിക്ക് ലഭിച്ചിരുന്ന സർക്കാർ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം ജനുവരിയിൽ സംശയങ്ങൾ ഉയർന്നതോടെയാണ് പോലീസ് സെന്റ് ഹെലൻസിലെ ഫ്ലാറ്റിൽ പരിശോധന നടത്തിയത്. പോലീസ് എത്തി ചോദ്യം ചെയ്തപ്പോൾ "അവൾ അവിടെയുണ്ട്, ഫ്രീസറിലാണ്" എന്ന് ഗോർഡൻ വെളിപ്പെടുത്തുകയായിരുന്നു. ഡെലിയയെ കൊലപ്പെടുത്തിയ കാര്യം ഗോർഡൻ സമ്മതിച്ചെങ്കിലും തൻ്റെ ജീവൻ രക്ഷിക്കാനുള്ള സ്വയരക്ഷയ്ക്കായി ചെയ്തതാണെന്നാണ് ഇയാൾ ഇപ്പോൾ അവകാശപ്പെടുന്നത്. അമിത അളവിൽ മരുന്ന് കഴിച്ച് അവശനിലയിലായ ഡെലിയയുടെ 'കഷ്ടപ്പാട് അവസാനിപ്പിക്കാൻ' ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുവെന്നായിരുന്നു നേരത്തെ പോലീസിനോട് പറഞ്ഞിരുന്നത്. മൃതദേഹം ഒളിപ്പിച്ച കുറ്റം ഇയാൾ സമ്മതിച്ചെങ്കിലും കൊലപാതക കുറ്റവും മൃഗങ്ങളോട് ക്രൂരത കാണിച്ച കുറ്റവും കോടതിയിൽ നിഷേധിച്ചു.

SCROLL FOR NEXT