ഹൈദരാബാദ്: ഗാർഹിക പീഡനക്കേസ് നൽകിയതിന് നഡയിൽ ടെക്കിയായ മുൻഭാര്യയെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി യുവാവ്. കേസ് നിലവിലുള്ളതിനാൽ കാനഡയിലേക്ക് തിരികെ മടങ്ങാൻ കഴിയാത്തതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തൻ്റെ അമ്മയുടെ മരണത്തിന് കാരണവും മുൻഭാര്യയാണെന്ന് യുവാവ് ആരോപിച്ചു.
യുവതി മൂന്ന് മാസം ഗർഭിണിയാണെന്ന് അവരുടെ രണ്ടാമത്തെ ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ, ഇത് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
30 വയസ്സുള്ള പ്രതി 2022 ലാണ് യുവതിയെ വിവാഹം ചെയ്തത് . പിന്നീട് ഇരുവരും കാനഡയിലേക്ക് താമസം മാറി. ഇതിന് പിന്നാലെ ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതോടെ യുവതി ഇന്ത്യയിലേക്ക് മടങ്ങി. തുടർന്ന് യുവാവിനെതിരെ ഗാർഹിക പീഡന കേസ് ഫയൽ ചെയ്യുകയായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 2024 ൽ ദമ്പതികൾ വിവാഹമോചനം നേടുകയും 2025 ഏപ്രിലിൽ യുവതി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിരുന്നു.
അമ്മയുടെ മരണശേഷം 2025 മാർച്ചിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ പ്രതിയുടെ പേരിൽ ഗാർഹിക പീഡനക്കേസ് നിലനിൽക്കുന്നതിനാൽ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളതു കൊണ്ടും പാസ്പോർട്ട് സസ്പെൻഡ് ചെയ്തതിനാലും അയാൾക്ക് കാനഡയിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. തൊഴിൽരഹിതനായിരുന്ന പ്രതി പിന്നീട് മാതാപിതാക്കളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
തനിക്ക് നേരിട്ട മാനസിക ബുദ്ധിമുട്ടും അമ്മയുടെ മരണത്തിന് ഈ മനോവിഷമമാണ് കാരണമെന്നുള്ള വിശ്വാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.
യുവതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി വിലാസം കണ്ടെത്തിയ പ്രതി രണ്ട് മാസം മുമ്പ് ഹൈദരാബാദിലെത്തി ഹോസ്റ്റലിൽ താമസിക്കാൻ തുടങ്ങിയിരുന്നു. രണ്ട് കത്തികളും ഒരു ഡ്രില്ലിംഗ് മെഷീനും അഞ്ച് ലിറ്റർ പെട്രോൾ അടങ്ങിയ ഒരു ക്യാൻ എന്നിവയുമായി ബുധനാഴ്ച യുവതിയുടെ അപ്പാർട്ട്മെൻ്റിലെത്തിയ ഇയാൾ വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും യുവതി ഉണ്ടായിരുന്ന മുറി അകത്തു നിന്ന് പൂട്ടിയ ശേഷം കത്തി ഉപയോഗിച്ച് നിരവധി തവണ തലയിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവം നടക്കുമ്പോൾ സ്ത്രീയുടെ ഭർതൃമാതാവും വീട്ടിലുണ്ടായിരുന്നു. പൊലീസ് സംഘം എത്തിയപ്പോൾ മുറി മുഴുവൻ പെട്രോൾ ഒഴിച്ച് പ്രതി ടോയ്‌ലറ്റിൽ കയറി പൂട്ടിയിരിക്കുകയായിരുന്നു. മുറിക്ക് തീയിടുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാളെ ബലം പ്രയോഗിച്ചാണ് പൊലീസ് പുറത്തിറക്കിയത്.