എറണാകുളം:മലയാറ്റൂരിലെ ചിത്രപ്രിയ (19) യുടെ കൊലപാതകത്തിൽ പ്രതി അലനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെൺകുട്ടിയെ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് തലക്കടിച്ചുകൊണ്ട് തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. പ്രതി വലിയ കല്ലെടുത്ത് ചിത്രപ്രിയയുടെ തലയ്ക്കടിക്കുകയായിരുന്നു.
പ്രതി അലൻ പെൺകുട്ടിയെ നേരത്തെയും കൊലപ്പെടുത്താൻ ശ്രമിച്ചു എന്നതടക്കം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കാലടി പാലത്തിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അലൻ ചിത്രപ്രിയയെ കൊലപ്പെടുത്തിയതാണ് എന്ന് സമ്മതിച്ചിരുന്നു. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി അലൻ കുറ്റസമ്മതം നടത്തിയത്.
ചിത്രപ്രിയയുടെ ശരീരത്തിലും തലയിലും മർദനമേറ്റ പാടുകളും, തലയില്‍ കല്ലുപയോഗിച്ച് മര്‍ദിച്ച പാടുകളും കണ്ടെത്തിയിരുന്നു. സെബിയൂരിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും വീട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.