CRIME

ബുര്‍ഖ ധരിക്കാത്തതിന് ഭാര്യയെ കൊലപ്പെടുത്തിയ സംഭവം; താഹിറയെ ആധാര്‍ എടുക്കാന്‍ പോലും പ്രതി സമ്മതിച്ചിരുന്നില്ലെന്ന് പൊലീസ്

അഫ്രീനിനെ വെടിവച്ചും സെഹ്‌റീനിനെ കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയത്.

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബുര്‍ഖ ധരിക്കാന്‍ വിസമ്മതിച്ചതിന് ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് മുഖം ആധാര്‍ കാര്‍ഡില്‍ അച്ചടിക്കുമെന്ന കാരണത്താല്‍ ഭാര്യയെ ആധാര്‍കാര്‍ഡിന് അപേക്ഷിക്കാനും സമ്മതിച്ചിരുന്നില്ലെന്ന് പൊലീസ്. ഭാര്യയ്‌ക്കൊപ്പം തന്റെ രണ്ട് പെണ്‍മക്കളെയും ഫാറൂഖ് കൊലപ്പെടുത്തിയിട്ടുണ്ട്.

ഫോട്ടോ പതിക്കുമെന്ന കാരണത്താല്‍ ആധാറോ, റേഷന്‍ കാര്‍ഡോ പോലുള്ള ഒരു തിരിച്ചറിയല്‍ കാര്‍ഡും എടുക്കാന്‍ ഫാറൂഖ് താഹിറയെ അനുവദിച്ചിരുന്നില്ലെന്നാണ് പൊലീസിനോട് ഫാറൂഖ് പറഞ്ഞത്.

ഫാറൂഖിനും താഹിറയ്ക്കും അഞ്ച് കുട്ടികളാണ് ഉണ്ടായിരുന്നത്. 14 വയസുള്ള അഫ്രീന്‍, 10 വയസുള്ള അസ്മീന്‍, ഏഴ് വയസുള്ള സഹ്‌റീന്‍, ഒന്‍പത്കാരനായ ബിലാല്‍, അഞ്ച് വയസുള്ള അര്‍ഷാദ് എന്നിവരാണ് മക്കള്‍. ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഫാറൂഖ് മക്കളായ അഫ്രീനിനെയും സഹ്‌റീനിനെയും കൊലപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.

അഫ്രീനിനെ വെടിവച്ചും സെഹ്‌റീനിനെ കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയത്. വിവാഹ പരിപാടികളില്‍ പാചകക്കാരനായാണ് ഫാറൂഖ് പ്രവര്‍ത്തിക്കുന്നത്. തന്റെ ഭാര്യ മാതാപിതാക്കളെ കാണാന്‍ സ്വന്തം വീട്ടിലേക്ക് ബുര്‍ഖ ധരിക്കാതെ പോയതറിഞ്ഞതില്‍ പ്രകോപിതനായിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം.

ആറ് ദിവസമായിട്ടും താഹിറയെയും രണ്ട് മക്കളെയും കാണാതായതോടെ ഭര്‍തൃ പിതാവ് ദാവൂദ് ഇവര്‍ എവിടെയെന്ന് ചോദിച്ചു. എന്നാല്‍ ആറ് ദിവസമായി ഇവര്‍ വീട്ടില്‍ ഇല്ലെന്നും ഷാംലിയില്‍ ഒരു വാടക വീട്ടിലേക്കുമാറ്റിയെന്നുമാണ് പിതാവിനോട് ഫാറൂഖ് പറഞ്ഞത്.

ഇതിന് പിന്നാലെ സംശയം തോന്നിയ ദാവൂദ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചുരുളഴിഞ്ഞത്.

താന്‍ വീട്ടിലെ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം ഭാര്യയുമായി കലഹിച്ചിരുന്നതായും ഭാര്യ വീടുവിട്ട് ഓടിപോകാന്‍ ആഗ്രഹിച്ചിരുന്നതായും ഫാറൂഖ് പൊലീസിനോട് പറഞ്ഞു. ഒരുമാസം മുമ്പ് മാതാപിതാക്കളെ കാണാന്‍ പോയപ്പോള്‍ താഹിറ ബുര്‍ഖ ധരിച്ചില്ല. അതിനാല്‍ സമൂഹത്തിലുള്ള തന്റെ സല്‍പ്പേരിന് കളങ്കമുണ്ടായി. ഡിസംബര്‍ പത്തിന് അര്‍ധരാത്രി അടുക്കളയില്‍ വെച്ച് ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയെന്നും ഫാറൂഖ് പൊലീസിനോട് വെളിപ്പെടുത്തി.

ശബ്ദം കേട്ട് മൂത്ത മകള്‍ അഫ്രീന്‍ എഴുന്നേറ്റു. അടുക്കളയിലേക്കെത്തിയ മകളെയും ഇയാള്‍ കൊലപ്പെടുത്തി. പിന്നാലെ അടുക്കളയിലെത്തിയ രണ്ടാമത്തെ മകള്‍ സെഹ്‌റീനിനെ കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിനോട് ഫാറൂഖ് പറഞ്ഞത്. പിന്നാലെ ഒന്‍പത് അടി ആഴത്തില്‍ ബാത്ത്‌റൂമിനായി എടുത്ത കുഴിയില്‍ മൃതദേഹമിട്ട് കുഴിച്ചുമൂടിയെന്നും അതിന് മുകളില്‍ കല്ലുകള്‍ പാകിയെന്നും ഫാറൂഖ് പറഞ്ഞു.

SCROLL FOR NEXT