കാണ്‍പൂര്‍: ഭാര്യയോടുള്ള സംശയത്തിന്റെ പേരില്‍ ഇരട്ടകളായ പെണ്‍മക്കളെ പിതാവ് കഴുത്തറുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. മെഡിക്കല്‍ റെപ്രസന്ററ്റീവ് ആയ ശശി രഞ്ജന്‍ മിശ്രയാണ് പ്രതി. മക്കളെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തന്നെയാണ് പൊലീസിലും വിവരം അറിയിച്ചത്. റിദ്ദി, സിദ്ദി എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്.
ബിഹാര്‍ സ്വദേശിയായ ശശി രഞ്ജന്‍ മിശ്ര ജോലി ആവശ്യത്തിനായാണ് യുപിയില്‍ എത്തിയത്. ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പമായിരുന്നു താമസം. 11 വയസുള്ള ഇരട്ട പെണ്‍കുട്ടികളെ കൂടാതെ ആറ് വയസുള്ള ഒരു മകന്‍ കൂടി ഇവര്‍ക്കുണ്ട്.
ഭാര്യ രേഷ്മയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ഇയാള്‍ സംശയിച്ചിരുന്നതായി പൊലീസ് പറയുന്നു. ആണ്‍കുഞ്ഞിനൊപ്പം മാറി താമസിക്കണമെന്നും പെണ്‍മക്കള്‍ തനിക്കൊപ്പം വളരട്ടെയെന്നും ഇയാള്‍ പതിവായി ഭാര്യയോട് പറഞ്ഞിരിന്നു.
എന്നാല്‍ ഭര്‍ത്താവിന് വിഷാദരോഗമുണ്ടായിരുന്നുവെന്നാണ് ഭാര്യ രേഷ്മ പൊലീസിനോട് പറയുന്നത്. വീട്ടിനുള്ളില്‍ തന്നെ നിരവധി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. പെണ്‍മക്കളുടെ മുറിയിലേക്ക് പോകാന്‍ പോലും തന്നെ ഭര്‍ത്താവ് അനുവദിച്ചിരുന്നില്ലെന്നും രേഷ്മ പറയുന്നു.
ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം, പെണ്‍മക്കളുമായി ശശി മുറിയിലേക്ക് പോയി. പുലര്‍ച്ചെ 2.30 ന് ഒരാളുമായി വാഷ്‌റൂമിലേക്ക് പോയി തിരിച്ചു വന്നു. ഇതിനു ശേഷം മുറിയിലെ ലൈറ്റ് ഓഫാക്കിയെന്നുമാണ് രേഷ്മ പറയുന്നത്.
രണ്ട് മണിക്കൂറിനു ശേഷമാണ് ശശി പൊലീസിനെ വിവരം അറിയിക്കുന്നത്. പൊലീസ് എത്തിയപ്പോഴേക്കും പെണ്‍കുട്ടികള്‍ മരണപ്പെട്ടിരുന്നു. കഴുത്തറുത്ത നിലയില്‍ രക്തത്തില്‍ കുളിച്ചായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈ സമയത്ത് ശശി മുറിക്കുള്ളിലുണ്ടായിരുന്നു.
2014 ലാണ് പശ്ചിമബംഗാള്‍ സ്വദേശിയായ രേഷ്മയുമായി ശശി പ്രണയത്തിലായി വിവാഹം കഴിക്കുന്നത്. പെണ്‍കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.