പ്രതീകാത്മക ചിത്രം Source: Screengrab
CRIME

ദീപാവലി രാത്രിയിൽ മക്കളെ വീട്ടിലാക്കി കാമുകനെ കാണാൻ പോയി; ഒന്നിച്ചുജീവിക്കണമെന്ന ആവശ്യത്തിൽ തർക്കം, യുവതിയെ ഇഷ്ടികയ്ക്ക് അടിച്ച് കൊലപ്പെടുത്തി യുവാവ്

ആറേഴു മാസം മുൻപാണ് ബുലന്ദ്‌ഷഹർ സ്വദേശിയായ യുവാവുമായി യുവതി ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിക്കുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയും മൂന്ന് മാസം മുൻപ് യുവതി ഗുജറാത്തിലെത്തി ഇയാളെ നേരിൽ കാണുകയും ചെയ്തു.

Author : ന്യൂസ് ഡെസ്ക്

ഗാസിയാബാദ്: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനൊപ്പം ഒരുമിച്ച് താമസിക്കണമെന്ന് വാശിപിടിച്ച രണ്ട് കുട്ടികളുടെ അമ്മയായ ഇരുപത്തെട്ടുകാരിയെ യുവാവ് ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ലോണിയിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം അരങ്ങേറിയത്. അഹമ്മദാബാദിലെ ടെക്‌സ്റ്റൈൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവാവ് യുവതിയുടെ നിര്‍ബന്ധ പ്രകാരം ഗാസിയാബാദിലേക്ക് താമസം മാറിയിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രധാന പ്രതിയേയും ഇയാളുടെ സുഹൃത്തിനെയും ബഹളം കേട്ടെത്തിയ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ആറേഴു മാസം മുൻപാണ് ബുലന്ദ്‌ഷഹർ സ്വദേശിയായ യുവാവുമായി യുവതി ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിക്കുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയും മൂന്ന് മാസം മുൻപ് യുവതി ഗുജറാത്തിലെത്തി ഇയാളെ നേരിൽ കാണുകയും ചെയ്തു. എപ്പോഴും കാണാൻ സാധിക്കുന്നതിനായി തന്റെ വീടിന് സമീപത്തേക്ക് താമസം മാറാൻ യുവതി യുവാവിനെ നിർബന്ധിക്കുകയായിരുന്നു. ഇതേത്തുടർന്ന് രണ്ട് മാസം മുൻപ് ഗാസിയാബാദ് ലോണിയിലെ ഇന്ദിരാപുരിയിലേക്ക് മാറിയ യുവാവ്, തന്റെ 24-കാരനായ സുഹൃത്തിനൊപ്പമാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഭർത്താവ് വീട്ടിലില്ലാത്ത സമയങ്ങളിൽ യുവതി യുവാവിന്റെ വാടകമുറിയിലെത്തി ഇയാളെ കാണുന്നത് പതിവായിരുന്നു.

ദീപാവലി രാത്രിയിൽ യുവതിയുടെ ഭർത്താവ് സ്വന്തം ഗ്രാമത്തിലേക്ക് പോയ തക്കം നോക്കി, രണ്ട് മക്കളെയും വീട്ടിലിരുത്തിയാണ് യുവതി യുവാവിനെ കാണാൻ ഇയാളുടെ മുറിയിലെത്തിയത്. തുടർന്ന് ഇരുവരും ഒന്നിച്ച് ജീവിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. കുടുംബത്തെ ഉപേക്ഷിച്ച് തന്നോടൊപ്പം ഒരുമിച്ച് താമസിക്കണമെന്ന് യുവതി നിർബന്ധിച്ചെങ്കിലും യുവാവ് ഇതിന് തയ്യാറായില്ല.

മദ്യലഹരിയിലായിരുന്ന ഇയാൾ യുവതിയെ പിടിച്ചുതള്ളുകയും യുവതിയുടെ തല ഭിത്തിയിലിടിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് യുവതി യുവാവിനെ തിരിച്ചടിച്ചതോടെ പ്രകോപിതനായ ഇയാൾ വീടിന്റെ വാതിലിനു പുറത്തുണ്ടായിരുന്ന ഇഷ്ടിക എടുത്ത് യുവതിയുടെ തലയ്ക്ക് തുടരെത്തുടരെ ആഞ്ഞടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുതന്നെ രക്തംവാർന്ന് മരിച്ചു. വീട്ടിനുള്ളിൽ നിന്ന് നിലവിളിയും അടിയുടെ ശബ്ദവും കേട്ട് ഓടിയെത്തിയ അയൽക്കാരാണ് പ്രതികളെ വളഞ്ഞുപിടിച്ച് പോലീസിന് കൈമാറിയത്.

SCROLL FOR NEXT