കൊല്ലപ്പെട്ട ഹേമചന്ദ്രൻ  Source: News Malayalam 24x7
CRIME

കൊല്ലപ്പെട്ട ഹേമചന്ദ്രൻ്റെ മൊബൈൽ ഫോൺ കണ്ടെത്തി; ലഭിച്ചത് മൈസൂരിൽ നിന്നും

പ്രതികളാണ് ഫോൺ ഉപേക്ഷിച്ച സ്ഥലത്തെ സംബന്ധിച്ച വിവരങ്ങൾ പൊലീസിന് കൈമാറിയത്

Author : ന്യൂസ് ഡെസ്ക്

വയനാട് സുൽത്താൻ ബത്തേരിയിലെ ഹേമചന്ദ്രനെ തട്ടി കൊണ്ട് പോയി കൊലപെടുത്തിയ സംഭവത്തിൽ ഹേമചന്ദ്രൻ്റെ മൊബൈൽ ഫോൺ കണ്ടെത്തി. മൈസൂരിൽ നിന്നുമാണ് ഹേമചന്ദ്രൻ്റെ ഫോൺ കണ്ടെത്തിയത്. പ്രതികളാണ് ഫോൺ ഉപേക്ഷിച്ച സ്ഥലത്തെ സംബന്ധിച്ച വിവരങ്ങൾ പൊലീസിന് കൈമാറിയത്. കേസന്വേഷണം വഴി തിരിച്ച് വിടാനാണ് പ്രതികൾ ഫോൺ മൈസൂരിൽ ഉപേക്ഷിച്ചതെന്നാണ് പൊലീസിൻ്റെ നി​ഗമനം. ഹേമചന്ദ്രന്റേത് കൊലപാതകം എന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചതായി അന്വേഷണസംഘം കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം. മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങിയിട്ടുണ്ടെന്നും, കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതായും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. കേസിൽ ഇതുവരെ 400 വ്യക്തികളുടെ മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചു കഴിഞ്ഞു. വയനാട്, തമിഴ്നാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. മൃതദേഹം ഹേമചന്ദ്രന്റെ ആണോ എന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന കൂടെ നടത്തണമെന്നും കേസിനെ പ്രതികൂലമായി ബാധിക്കും എന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പറ്റില്ലെന്നും അന്വേഷണസംഘം പറഞ്ഞിരുന്നു.

സിനിമാക്കഥയെ വെല്ലുന്ന സംഭവ വികാസങ്ങളാണ് ഹേമചന്ദ്രന്റെ തിരോധാനത്തില്‍ നടന്നത്. പുറംലോകം അറിയില്ലെന്ന് കരുതിയ കുറ്റകൃത്യമാണ് കേരള പൊലീസിന്റെ ശരിയായ അന്വേഷണത്തിലൂടെ പുറത്തായത്. വളരെ രഹസ്യമായിട്ടായിരുന്നു പൊലീസിന്റെ ഓപ്പറേഷന്‍. 2024 മാര്‍ച്ച് 20 നാണ് സംഭവങ്ങളുടെ തുടക്കം. ഹേമചന്ദ്രനെ പെണ്‍സുഹൃത്തിനെ കൊണ്ടു വിളിപ്പിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപമെത്തിച്ചു. ഇവിടെ നിന്ന് ഹേമചന്ദ്രനെ രണ്ടു പേര്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഇയാളെ കാണാതാവുകയായിരുന്നു. ഭാര്യ സുബിഷ മെഡിക്കല്‍ കോളേജ് പൊലീസിന് നല്‍കിയ പരാതിയില്‍ 2024 ഏപ്രില്‍ ഒന്നിന് കേസ് രജിസ്റ്റര്‍ ചെയ്തു. മെഡിക്കല്‍ കോളജ് എസിപി എ. ഉമേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെന്ന് സംശയിക്കുന്നവരിലേക്ക് അന്വേഷണം എത്തിയത്.

ഹേമചന്ദ്രന് നിരവധി പേരുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. പ്രതി നൗഷാദ് ഹേമചന്ദ്രന് പണം കടം നല്‍കിയിരുന്നു. നിരവധി തവണ തിരിച്ചു ചോദിച്ചെങ്കിലും പണം തിരികെ നല്‍കാന്‍ ഹേമചന്ദ്രന്‍ തയ്യാറാകാത്തതാണ് തട്ടിക്കൊണ്ടു പോകലിനും, കൊലപാതകത്തിനും വഴി തെളിയിച്ചത്. കൊലപാതകത്തിന് ശേഷം നീലഗിരി ചേരമ്പാടിയിലെ വനത്തിനുള്ളില്‍ മൃതദേഹം മറവു ചെയ്യാന്‍ സഹായിച്ച രണ്ടു പേരാണ് അജീഷും, ജ്യോതിഷും. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കേസില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്. വനത്തിലെ ചതുപ്പില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം അഴുകിയ നിലയില്‍ അല്ലായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ഹേമ ചന്ദ്രന്റെ കോള്‍ റെക്കോര്‍ഡുകളും സംഭവമായി ബന്ധപ്പെട്ടവരുടെ ടവര്‍ ലൊക്കേഷനുകളും പൊലീസ് പരിശോധിച്ചിരുന്നു. ഇതാണ് കേസില്‍ നിര്‍ണായ വഴിത്തിരിവായത്.

SCROLL FOR NEXT