പ്രതി ഗംഗമ്മ, കൊല്ലപ്പെട്ട വീരേന്ദ്ര 
CRIME

ആൺസുഹൃത്തുമായുള്ള ബന്ധം വിലക്കി; അമ്മയും കാമുകനും ചേർന്ന് 15കാരനെ കൊലപ്പെടുത്തി

കാമുകൻ്റെ സഹായത്തോടെയായിരുന്നു കുറ്റകൃത്യം

Author : ന്യൂസ് ഡെസ്ക്

ആന്ധ്രാ പ്രദേശിലെ കുർണൂലിൽ ആൺ സുഹൃത്തുമായുള്ള ബന്ധം വിലക്കിയതിന് പതിനഞ്ച് വയസുള്ള മകനെ കൊലപ്പെടുത്തി യുവതി. കാമുകൻ്റെ സഹായത്തോടെയായിരുന്നു കുറ്റകൃത്യം. ആഴ്ചകളോളം കുറ്റകൃത്യം മറച്ചുവെച്ചതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സത്യം കണ്ടെത്തിയത്.

അഡോണി മണ്ഡലിലെ ജി. ഹൊസള്ളി ഗ്രാമത്തിൽ നിന്നുള്ള വീരേന്ദ്ര എന്ന ആൺകുട്ടിയാണ് കൊല്ലപ്പെട്ടത്. വീരേന്ദ്രയുടെ മാതാവ് ഗംഗമ്മയ്ക്ക് ദർഗപ്പ എന്നൊരാളുമായി ബന്ധമുണ്ടായിരുന്നു. വീരേന്ദ്ര അമ്മയുടെ പെരുമാറ്റത്തെ പലതവണ ചോദ്യം ചെയ്യുകയും ബന്ധുക്കളുടെയും ഗ്രാമവാസികളുടെയും മുന്നിൽ ഇവരുടെ ബന്ധം വെളിപ്പെടുത്തുകയും ചെയ്തു. ഇതിന് തുടർന്ന് വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാവുകയും ബന്ധം പരസ്യമാകുമെന്ന് ഗംഗമ്മ ഭയപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വീരേന്ദ്രയെ കൊലപ്പെടുത്തി മൃതദേഹം ഗ്രാമത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ഒരു ശ്മശാനത്തിൽ രഹസ്യമായി സംസ്കരിക്കുകയായിരുന്നു.

കൂടാതെ, അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ മകനെ കാണാതായതായും ഇവർ പരാതി നൽകി. മകനെ കണ്ടെത്താനായുള്ള തെരച്ചിലിൽ പങ്കെടുത്തതോടൊപ്പം മകനെ കണ്ടെത്താൻ കാലതാമസം നേരിടുന്നുവെന്നാരോപിച്ച് ഇവർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. പിന്നീട്, കോടതിയുടെ ഇടപെടലിനെത്തുടർന്ന്, അന്വേഷണം വേഗത്തിലാക്കാൻ എസ്‌ഐടി രൂപീകരിക്കുകയായിരുന്നു.

നിരന്തരമായി നിരീക്ഷണങ്ങൾക്കും ചോദ്യം ചെയ്യലുകൾക്കുമൊടുവിൽ ഗംഗമ്മയും ദർഗപ്പയും നൽകിയ മൊഴികളിൽ നിരവധി വൈരുധ്യങ്ങൾ കണ്ടെത്തി. കൂടാതെ സാങ്കേതിക തെളിവുകളും, കോൾ റെക്കോർഡുകളും, പ്രാദേശിക സാക്ഷി മൊഴികളും ഇരുവർക്കുമെതിരായ സംശയം ബലപ്പെടുത്തി.

ഇവരെ ചോദ്യം ചെയ്തതിനെ തുടർന്ന് ജൂൺ 1 ന് റവന്യൂ ഉദ്യോഗസ്ഥരുടെയും മെഡിക്കൽ സംഘങ്ങളുടെയും സാന്നിധ്യത്തിലും കർശന സുരക്ഷയിലും വീരേന്ദ്രയുടെ മൃതദേഹം ഗ്രാമത്തിലെ ശ്മശാനത്തിൽ നിന്ന് പൊലീസ് പുറത്തെടുക്കുകയായിരുന്നു. ശേഷം മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടു പോന്നു. ദർഗപ്പയെ കസ്റ്റഡിയിലെടുത്ത പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണം തുടരുകയാണ്.

SCROLL FOR NEXT