CRIME

കണ്ണൂർ മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റു മരിച്ചു; കൊലപാതകത്തിനു ശേഷം ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം

ജ്യോതിയുടെ ഭർത്താവ് രാവിലെ ക്ഷേത്രത്തില്‍ പോയി തിരിച്ചെത്തിയപ്പോഴാണ് ഭാര്യയും മകനും വെട്ടേറ്റ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ അയൽവാസികളുടെ സഹായത്തോടെ ഇരുവരെയും മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: മട്ടന്നൂരിൽ അമ്മയെയും മകനെയും വെട്ടേറ്റു മരിച്ചു. മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ 'നന്ദനം' വീട്ടിൽ താമസിക്കുന്ന ജ്യോതി(56), മകൻ നവീൻ കൃഷ്ണ(21) എന്നിവരാണ് മരിച്ചത്. അമ്മയെ വെട്ടിയ ശേഷം മകൻ സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നു രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിലാണ് അമ്മയെയും മകനെയും ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ജ്യോതിയുടെ ഭർത്താവ് രാവിലെ ക്ഷേത്രത്തില്‍ പോയി തിരിച്ചെത്തിയപ്പോഴാണ് ഇരുവരും വെട്ടേറ്റ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ അയൽവാസികളുടെ സഹായത്തോടെ ഇരുവരെയും മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുപേരുടെയും ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു.

സംഭവസ്ഥലത്ത് മട്ടന്നൂർ പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. വീടിനകത്തേക്ക് പുറത്തുനിന്ന് മറ്റാരും അതിക്രമിച്ചു കയറിയ ലക്ഷണങ്ങളില്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അമ്മയും മകനും തമ്മിൽ വീട്ടിൽ വെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. അമ്മയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയ ശേഷം മകൻ ജീവനൊടുക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

വിരലടയാള വിദഗ്ധരും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. കൃത്യത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ മട്ടന്നൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

SCROLL FOR NEXT