കോട്ടയം പള്ളിക്കത്തോട് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീടിനോട് ചേർന്ന താത്കാലിക അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെയാണ് അമ്മ സിന്ധുവിനെ അരവിന്ദ് വാക്കത്തി ഉപയോഗിച്ച് വെട്ടിയത്. അമ്മയെ കൊലപ്പെടുത്തിയ വിവരം അരവിന്ദ് തന്നെയാണ് അയൽവീട്ടിൽ അറിയിച്ചത്. അരവിന്ദൻ ലഹരിക്ക് അടിമയായിരുന്നു. 20 വർഷം മുമ്പ് അരവിന്ദിന്റെ അച്ഛൻ മരിച്ചതാണ്. ലോട്ടറി വിൽപ്പന നടത്തിയാണ് സിന്ധു അരവിന്ദിനെ വളർത്തിയത്.
ഇന്നലെ രാത്രി 8.30ഓടെയായിരുന്നു ഇളമ്പള്ളി സ്വദേശി സിന്ധുവിനെ മകൻ അരവിന്ദ് വെട്ടിക്കൊലപ്പെടുത്തിയത്. പള്ളിക്കത്തോട് കവലയിൽ ലോട്ടറി വിൽപ്പന നടത്തുന്ന ആളാണ് സിന്ധു. നാട്ടുകാരാണ് കൊലപാതക വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തുമ്പോൾ അരവിന്ദ് മൃതദേഹത്തിന് അടുത്ത് തന്നെ ഉണ്ടായിരുന്നു. അമിതമായ ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങൾ ഉള്ള ആളാണ് മകൻ അരവിന്ദ് എന്ന് പൊലീസ് പറഞ്ഞിരുന്നു.