തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥൻ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കേസെടുത്ത് നേമം പൊലീസ്. തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷനിലെ സിപിഒ സുമേഷിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പെരിങ്ങമ്മല സ്വദേശി ബിനോഷിനാണ് വെട്ടേറ്റത്.
പെരിങ്ങമ്മല സ്വദേശി ബിനോഷിൻ്റെ വീടിന് സമീപത്ത് കുറച്ച് മാസങ്ങൾ മുമ്പാണ് സുമേഷും കുടുംബവും താമസം ആരംഭിച്ചത്. കരമന സ്റ്റേഷനിലെ സിപിഒ ആയ സുമേഷും സുഹൃത്തുക്കളും ബിനോഷിൻ്റെ പറമ്പിലിരുന്ന് മദ്യപിക്കാറുണ്ടെന്നും അനധികൃതമായി വാഹനം പാർക്ക് ചെയ്യാറുണ്ടെന്നുമാണ് പരാതിക്കാരൻ്റെ ആരോപണം.
ഇത് ചോദ്യം ചെയ്തതിലെ വിരോധം മൂലം ഇന്നലെ സുമേഷും ഭാര്യയും ബിനോഷിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കടന്നു. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് ബിനോഷിന്റെ ഇടത് കൈമുട്ടിൽ അടിച്ചു. വെട്ടുകത്തി ഉപയോഗിച്ച് മുഖത്ത് മൂന്നുപ്രാവശ്യം വീശി. ആക്രമണത്തിൽ ബിനോഷിന്റെ മൂക്കിനു താഴെ പരിക്കേറ്റതായും എഫ്ഐആറിൽ പറയുന്നു.
കുറ്റകരമായ നരഹത്യ, ആയുധം ഉപയോഗിച്ച് മുറിവേൽപ്പിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകളും സുമേഷിനെതിരെ ചുമത്തിയിട്ടുണ്ട്. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് കേസെടുത്തത്. വരും ദിവസങ്ങളിൽ സുമേഷിനെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.