തൃശൂർ: ആറ്റൂരിൽ രണ്ട് ദിവസം പ്രായമായ നവജാത ശിശുവിനെ അമ്മ പാറമടയിൽ ഉപേക്ഷിച്ചു. ബന്ധുക്കളറിയാതെ പ്രസവിച്ച യുവതി ആശുപത്രിയിൽ ചികിത്സ തോടിയപ്പോഴാണ് ഇക്കാര്യം പുറംലോകമറിയുന്നത്. കൊലപാതകക്കുറ്റം ചുമത്തി കേസ് എടുത്ത പൊലീസ് സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ 37കാരിയാണ് പ്രസവിച്ച് രണ്ട് ദിവസം പ്രായമായ കുട്ടിയെ ഉപേക്ഷിക്കുന്നത്. ഈ മാസം 10നാണ് ആറ്റൂരിലെ വീട്ടിൽ യുവതി പ്രവസവിക്കുന്നത്. ഗർഭഛിദ്രത്തിനായി മരുന്ന് കഴിച്ചെങ്കിലും യുവതി എട്ടാം മാസം പ്രസവിക്കുകയായിരുന്നു. ബന്ധുക്കൾ ആരും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ശുചിമുറിയിലായിരുന്നു പ്രസവം.
പ്രസവിച്ചയുടൻ കുഞ്ഞിനെ മാലിന്യങ്ങൾക്കൊപ്പം തുണിയിൽ പൊതിഞ്ഞ് ചാക്കിൽ സൂക്ഷിച്ചു. രണ്ട് ദിവസത്തിന് ശേഷം പാലക്കാട് വാണിയംകുളത്ത് താമസിക്കുന്ന സഹോദരനെ ഏൽപ്പിച്ച് മാലിന്യ ചാക്ക് ഉപേക്ഷിക്കുകയായിരുന്നു.
പ്രസവശേഷം അമിത രക്തസ്രാവമുണ്ടായതിനെ തുടർന്നാണ് യുവതി മെഡിക്കൽ കോളജിൽ ചികിത്സ തേടുന്നത്. ശാരീരിക അവശതകളെ കുറിച്ച് ചോദിച്ചവരോട് വയറുവേദനായാണെന്ന് കള്ളം പറഞ്ഞു. തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ യുവതി പ്രസവിച്ചതും കുഞ്ഞിനെ ഉപേക്ഷിച്ചതും ചെറുതുരുത്തി പൊലീസിനെ അറിയിച്ചതാണ് കേസിൽ വഴിത്തിരിവായത്. പൊലീസ് ആറ്റൂരിലെ വീട്ടിൽ നിന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് വാണിയംകുളത്തെ പാറമടയിൽ നടത്തിയ തെരച്ചിലിൽ കുഞ്ഞിന്റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി.
യുവതിയുടെ ബന്ധുക്കൾ അടക്കമുള്ളവരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും പ്രസവത്തെ കുറിച്ച് ഇവർക്ക് ആർക്കും അറിയില്ലായിരുന്നുവെന്നാണ് മൊഴി നൽകിയത്. കൊലപാതക കുറ്റം ചുമത്തി കേസ് എടുത്ത സംഭവത്തിൽ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവതി ഡിസ്ചാർജ് ആയാൽ ഉടൻ അറസ്റ്റ് ചെയ്യാനും കോടതിയിൽ ഹാജരാക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.