ആലപ്പുഴ ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയത് മകള്‍ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയെന്ന് പൊലീസ്.
മകള്‍ സ്ഥിരമായി രാത്രി പുറത്തു പോകുന്നത് പിതാവ് ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭര്‍ത്താവുമായി പിണങ്ങികഴിയുന്നതുമായി ബന്ധപ്പെട്ടും വഴക്ക് ഉണ്ടാകാറുണ്ടെന്ന് പൊലീസ് പറയുന്നു.
അച്ഛന്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുമ്പോള്‍ ഏയ്ഞ്ചലിന്റെ അമ്മയും മുത്തശ്ശനും മുത്തശ്ശിയും വീട്ടില്‍ ഉണ്ടായിരുന്നു. ഏയ്ഞ്ചലിന്റെ കൊലപാതകം വീട്ടിലെ അംഗങ്ങള്‍ക്കും അറിയാമായിരുന്നു. പേടിച്ച കുടുംബം വിവരം പുറത്ത് പറയാതെ സാധാരണ മരണമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കും.
ജൂലൈ ഒന്നിനാണ് യുവതിയെ കൊലപ്പെടുത്തുന്നത്. പ്രതി ജോസ് മോന്‍ തോര്‍ത്തുകൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. യുവതി ജീവനടൊക്കിയതാണെന്ന സംശയത്തിലായിരുന്നു പൊലീസ്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഏയ്ഞ്ചലിന്റെ കഴുത്തില്‍ കണ്ട മുറിവില്‍ കൊലപാതകമാവാമെന്ന സംശയം പ്രകടിപ്പിക്കുകയായിരുന്നു. വളരെ നാളുകളായി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു ഏയ്ഞ്ചല്‍.
സംഭവത്തില്‍ പൊലീസ് പ്രതി ജോസ്‌മോനുമായി വീട്ടില്‍ എത്തി തെളിവെടുപ്പ് നടത്തി. ഏയ്ഞ്ചലിനെ കൊലപ്പെടുത്തിയ സ്ഥലവും രീതിയും പ്രതി കാണിച്ചുകൊടുക്കുകയും ചെയ്തു.
കേസില്‍ പിതാവിന് പുറമെ മറ്റു കുടുംബാംഗങ്ങളും പ്രതിയാകും. ഏയ്ഞ്ചലിന്റെ അമ്മ ജെസി മോള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന വിലയിരുത്തലില്‍ ജെസി മോളെയും പ്രതിചേര്‍ക്കും. മരണ വിവരം പുറത്തുപറയാത്ത കാരണത്തില്‍ അമ്മാവന്‍ അലോഷ്യസും സാധ്യതാ പ്രതിപ്പട്ടികയിലുണ്ട്. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തി.