കാസര്‍ഗോഡ്: ഡേറ്റിങ്ങ് ആപ്പിലൂടെ പരിചയപ്പെട്ട 16 കാരനെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പയ്യന്നൂര്‍ സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ യൂത്ത് ലീഗ് നേതാവ് സിറാജുദ്ദീന്‍ ഒളിവില്‍ തുടരുകയാണ്.
ഒരു വര്‍ഷം മുമ്പാണ് ഗിരീഷ് 16 കാരനെ ആദ്യമായി പീഡിപ്പിച്ചത്. പിന്നീട് വീണ്ടും പല സ്ഥലങ്ങളില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റൊരു പ്രതിയായ യൂത്ത് ലീഗ് നേതാവ് സിറാജുദ്ദീന്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്.
ബേക്കല്‍ എ.ഇ.ഒ. സൈനുദ്ദീന്‍, റെയില്‍വേ ഉദ്യോഗസ്ഥന്‍ ചിത്രരാജ് ഉള്‍പ്പെടെ 9 പേരെ ഇന്നലെ ഹൊസ്ദുര്‍ഗ് കോടതി റിമാന്റ് ചെയ്തിരുന്നു. ശേഷിക്കുന്ന 5 പ്രതികള്‍ക്കായി കോഴിക്കോട്, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. നിലവില്‍ 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ എട്ടെണ്ണം കാസര്‍ഗോഡ് ജില്ലയിലാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
പീഡനത്തിന് ഇരയായ കുട്ടിയുടെ മൊബൈലില്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ ആളുകളുമായി ചാറ്റ് ചെയ്തിട്ടുണ്ടെന്നും പലരുമായും പണമിടപാട് നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയത്. 2024 ല്‍ ഏജന്റ് എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് ആദ്യമായി 16 കാരനെ മെസ്സേജ് ലഭിക്കുന്നത്.
തുടര്‍ന്നാണ് പീഡനത്തിന് ഇരയാകുന്നത്. പിന്നീട് ഇയാളുടെ സഹായത്തോടെയാണ് മറ്റുള്ളവര്‍ ആണ്‍കുട്ടിയിലേക്ക് എത്തിയത്. ഇയാള്‍ക്ക് ഇതിന് കമ്മീഷന്‍ ലഭിച്ചതായും വിവരമുണ്ട്. മൊബൈല്‍ വിശദമായി പരിശോധിച്ചാല്‍ മാത്രമേ ആരൊക്കെ പീഡിപ്പിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ വ്യക്തത വരൂ. കുട്ടി കൃത്യമായി കാര്യങ്ങള്‍ പറയാത്തത് അന്വേഷണത്തിന് തടസ്സമാകുന്നുണ്ട്.
ആദ്യദിവസം ചൈല്‍ഡ് ലൈനിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ ഒരിക്കല്‍ കൂടി ആണ്‍കുട്ടിയുടെ മൊഴിയെടുക്കുന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനുശേഷമാകും കൂടുതല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.