പ്രതികളായ അഖിൽ, രാഹുൽ Source: News Malayalam 24x7
CRIME

നിരവധി ലഹരി കേസുകളിൽ പ്രതിയെന്ന് മനസിലാക്കി പെൺകുട്ടി സൗഹൃദം ഉപേക്ഷിച്ചു; 17കാരിയുടെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞ് 'ബെസ്റ്റി'

പാലക്കാട് കുന്നത്തൂരിൽ മൂന്ന് ദിവസം മുമ്പാണ് അതിക്രമം നടന്നത്.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: സൗഹൃദം നിരസിച്ച യുവതിയുടെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ അക്രമികളെ പിടികൂടി പൊലീസ്. പാലക്കാട് കുന്നത്തൂരിൽ മൂന്ന് ദിവസം മുമ്പാണ് അതിക്രമം നടന്നത്. അഖിൽ,രാഹുൽ എന്നിവരെയാണ് കുഴൽമന്ദം പൊലീസ് പിടികൂടിയത്. യൂട്യൂബ് നോക്കിയാണ് ഇവർ പെട്രോൾ ബോംബ് നിർമിക്കാൻ പഠിച്ചത്. ബോംബ് പൊട്ടിയില്ലെന്നതിനാൽ വൻ ദുരന്തം ഒഴിവായി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. സുഹൃത്തായ 17 കാരിയുടെ വീട്ടിലേക്ക് അഖിലും കൂട്ടാളി രാഹുലുമെത്തി പുലർച്ചെ ഒരു മണിക്ക് പെട്രോൾ ബോംബെറിഞ്ഞു. പെൺകുട്ടി സൗഹൃദം ഉപേക്ഷിച്ചതാണ് പ്രകോപനം. നിരവധി ലഹരി കേസുകളിൽ പ്രതിയായതോടെയാണ് പെൺകുട്ടി അഖിലുമായുള്ള ബന്ധം ഉപേക്ഷിച്ചത്.

ഈ സമയം പെൺകുട്ടിയും അനുജനും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. യുവാക്കൾ എറിഞ്ഞ പെട്രോൾ ബോബ് പൊട്ടിയില്ല. എങ്കിലും വീടിൻറെ ജനൽ ചില്ലും മറ്റും തകർന്നു. വീട്ടുകാർ പുറത്തുവന്നു നോക്കിയപ്പോഴേക്കും രണ്ട് യുവാക്കൾ ബൈക്കിൽ കടന്നു കളഞ്ഞിരുന്നു. പിന്നീട് കുടുംബം പൊലീസിൽ പരാതി നൽകി. യൂട്യൂബ് നോക്കിയാണ് യുവാക്കൾ പെട്രോൾ ബോംബ് നിർമിക്കാൻ പഠിച്ചത് എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

കുഴൽമന്ദം പൊലീസിന്റെ അന്വേഷണത്തിലാണ് രണ്ടിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്ന അഖിൽ, രാഹുൽ എന്നിവരെ പിടികൂടിയത്. യുവാക്കൾ ലഹരിക്ക് അടിമയാണെന്നും സംഭവ സമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അഖിലിനെതിരെ മാത്രം കോട്ടായി പൊലീസ് സ്റ്റേഷനിൽ ആറോളം ലഹരി കേസുകൾ ഉണ്ട്.

SCROLL FOR NEXT