തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥൻ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. കരമന പൊലീസ് സ്റ്റേഷനിലെ സിപിഒ സുമേഷിനെതിരെയാണ് പരാതി. പള്ളിച്ചാൽ പെരിങ്ങമല സ്വദേശി ബിനോഷിനാണ് വെട്ടേറ്റത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പരാതിക്കാരൻ പറയുന്നു.
ഇന്ന് വൈകീട്ടോടെയാണ് സംഭവം. സുമേഷ് കയ്യിൽ കരുതിയിരുന്ന ചുറ്റികയും വെട്ടുകത്തിയും ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പരാതി. ചുറ്റിക കൊണ്ട് അടിച്ച് കയ്യൊടിച്ചെന്നും, കത്തികൊണ്ട് ചുണ്ടിൻ്റെ ഇടതുവശം കീറിയെന്നും ബിനോഷ് പരാതിയിൽ പറയുന്നു. എന്നാൽ ഇരുകൂട്ടരും തമ്മിലുള്ള വഴിത്തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം. പൊലീസുകാരനും പരാതി നൽകിയിട്ടുണ്ട്. ഇരുകൂട്ടരുടെയും പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.