ചന്ദേര പൊലീസ് സ്റ്റേഷൻ  NEWS MALAYALAM 24x7
CRIME

പതിനാറുകാരനെ പീഡിപ്പിച്ചവരില്‍ രാഷ്ട്രീയ നേതാവും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും; 14 പേര്‍ക്കെതിരെ കേസ്

ഗേ ഡേറ്റിങ്ങ് ആപ്പായ ഗ്രിന്റര്‍ വഴിയാണ് പ്രതികള്‍ 16 കാരനെ പരിചയപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

കാസര്‍ഗോഡ്: 16-കാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഉന്നതരും പ്രതികള്‍. ഗേ ഡേറ്റിങ്ങ് ആപ്പായ ഗ്രിന്റര്‍ വഴിയാണ് പ്രതികള്‍ 16 കാരനെ പരിചയപ്പെട്ടത്. ഗൂഗിള്‍ പേ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

2 വര്‍ഷം മുന്‍പാണ് 16 കാരന്‍ ആദ്യമായി ഗേ ഡേറ്റിങ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 18 വയസായെന്ന് കാണിച്ചായിരുന്നു രജിസ്‌ട്രേഷന്‍. തുടര്‍ന്നാണ് പീഡനം നടന്നത്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഒന്‍പത് പേരുള്‍പ്പെടെ 14 പേര്‍ക്കെതിരേയാണ് കേസെടുത്തത്. ഇതില്‍ അഞ്ചുപേര്‍ കാസര്‍ഗോഡ് ജില്ലയ്ക്ക് പുറത്തായതിനാല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി.

രണ്ടുവര്‍ഷത്തോളമായി ഇവര്‍ പീഡിപ്പിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിലെത്തിച്ചാണ് പ്രതികള്‍ ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞദിവസം 16-കാരന്റെ വീട്ടിലെത്തിയ ഒരാളെ മാതാവ് കണ്ടതാണ് കേസിലേക്കെത്തിയത്. മാതാവിനെ കണ്ടയുടനെ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

ചന്തേര പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 16-കാരനെ ചൈല്‍ഡ് ലൈനില്‍ ഹാജരാക്കി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. ചൈല്‍ഡ് ലൈനില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വെള്ളരിക്കുണ്ട്, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാല്‍, ചന്തേര പൊലീസ് സ്റ്റേഷനുകളിലെ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം ആരംഭിച്ചത്.

രണ്ട് വീതം പ്രതികളെ പിടികൂടുന്നതിന് ഓരോ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ചുമതല നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിപ്പട്ടികയിലുണ്ടെന്നാണ് വിവരം. പ്രതികള്‍ ഗൂഗിള്‍ പേ വഴി 16 കാരന് പണം നല്‍കിയിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം.

9 പ്രതികളെ ഹൊസ്ദുർഗ് കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തതു. കേസിൽ 6 പേരെ ഇനിയും കണ്ടെത്താനുണ്ട്.

SCROLL FOR NEXT