CRIME

വെഞ്ഞാറമൂട് കൂട്ടക്കൊല: അഞ്ച് പേരുടെയും മരണകാരണം തലയ്‌ക്കേറ്റ ക്ഷതം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

അതേസമയം പ്രതി അഫാനെ 72 മണിക്കൂർ നിരീക്ഷണത്തിൽ വെക്കാൻ മെഡിക്കൽ സംഘം നിർദേശം നൽകി

Author : ന്യൂസ് ഡെസ്ക്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കിരയായവരുടെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. അഞ്ചുപേരുടെയും മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അതേസമയം പ്രതി അഫാനെ 72 മണിക്കൂർ നിരീക്ഷണത്തിൽ വെക്കാൻ മെഡിക്കൽ സംഘം നിർദേശം നൽകി. അതിനുശേഷമേ ചോദ്യം ചെയ്യൽ ഉണ്ടാകുകയുള്ളൂവെന്ന് അന്വേഷണസംഘം അറിയിച്ചു. പ്രതിയുടെ മാതാവ് ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണ്. അപകടത്തിന്റെ തരണം ചെയ്തെങ്കിലും ആരോഗ്യസ്ഥിതി വീണ്ടെടുത്തില്ലെന്ന് പൊലീസ് അറിയിച്ചു.

കൊല്ലപ്പെവരുടെ മൃതദേഹം മയ്യിത്ത് നമസ്കാരത്തിന് ശേഷം സംസ്കരിച്ചു. മുഖ്യപ്രതി അഫാൻ്റെ സഹോദരന്‍ അഫ്സാന്‍, എസ്.എൻ പുരം ചുള്ളാളം സ്വദേശികളായ ഉപ്പയുടെ സഹോദരൻ ലത്തീഫ്, അദ്ദേഹത്തിൻ്റെ ഭാര്യ ഷാഹിദ, ഉപ്പയുടെ ഉമ്മ പാങ്ങോട് സ്വദേശി സല്‍മാ ബീവി, പെണ്‍സുഹൃത്ത് ഫർസാന എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചത്.

സാമ്പത്തിക പരാധീനതകളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. എന്നാൽ മൊഴി വിശ്വാസത്തിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ഫര്‍സാനയുമായുള്ള പ്രണയം വീട്ടുകാര്‍ എതിര്‍ത്തതിലുള്ള പകയാണ് അരുംകൊലയ്ക്ക് കാരണമെന്ന സംശയത്തിലാണ് പൊലീസ്.ഇതിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ച് മണിയോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തിയാണ് അഫാന്‍ കൊലപാതകം നടത്തിയ കാര്യം പൊലീസിനോട് ഏറ്റു പറഞ്ഞത്.

ആറ് പേരെ കൊന്നെന്നായിരുന്നു പ്രതി പറഞ്ഞത്. ഇതേതുടർന്ന് പൊലീസുകാര്‍ ഇയാളെയും കൂട്ടി പോരുമലയിലെ വീട്ടിലെത്തുകയായിരുന്നു. അടുക്കളവാതില്‍ തകര്‍ത്ത് പൊലീസും നാട്ടുകാരും ഉള്ളില്‍ കയറിയപ്പോള്‍ പാചകവാതകത്തിന്റെ ഗന്ധമുണ്ടായിരുന്നു. കൂട്ടക്കൊലയ്ക്ക് ശേഷം ഗ്യാസ് കുറ്റി തുറന്നുവിട്ടിട്ടായിരുന്നു പ്രതി പൊലീസ് സ്റ്റേഷനിലേക്ക് പോയത്.

അകത്ത് കയറിയപ്പോള്‍ വീടിന്റെ താഴത്തെ നിലയില്‍ തലയില്‍ നിന്ന് ചോര വാര്‍ന്ന നിലയിലായിരുന്നു അഫാന്റെ അമ്മ ഷെമി കിടന്നിരുന്നത്. അവരുടെ കണ്ണിമ മാത്രം നേരിയതായി ചിമ്മുന്നുണ്ടായിരുന്നു. താഴത്തെ നിലയില്‍ തന്നെ ജീവനറ്റ് പതിമൂന്നുകാരനായ അനിയന്‍ അഹ്‌സനും, മുകളിലെ നിലയിലെ കസേരയില്‍ ഇരിക്കുന്ന നിലയില്‍ പെണ്‍സുഹൃത്ത് ഫര്‍സാനയുടെ ശരീരവും കണ്ടെത്തി.

പിന്നീടാണ് മറ്റ് മൂന്ന് കൊലപാതകങ്ങളുടെ വിവരം കൂടി പുറത്തുവന്നത്. പ്രതി അഫാന്‍ രാവിലെ പാങ്ങോട്ടെ തറവാട് വീട്ടിലെത്തി എണ്‍പത്തിയെട്ട് വയസുള്ള പിതൃമാതാവ് സല്‍മാ ബീവിയെ കൊന്നു. ശേഷം ചുള്ളാളത്തെ ബന്ധുവീട്ടിലെത്തുകയും, പിതൃസഹോദരന്‍ ലത്തീഫിനേയും ഭാര്യ ഷാഹിദയേയും കൊലപ്പെടുത്തുകയുമായിരുന്നു.


SCROLL FOR NEXT