ആലപ്പുഴ: കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ കൊലപാതകത്തിൽ, ബിന്ദുവിൻ്റെ സ്ഥലം വാങ്ങിയ സതീശനെ മുഖ്യസാക്ഷി ആക്കും. സെബാസ്റ്റ്യനെ കൂടാതെ ബിന്ദുവിനെ അവസാനമായി കണ്ടത് സതീശൻ മാത്രമാണ്. അമ്പലപ്പുഴയിലെ സ്ഥലം വിൽപനക്കരാർ എഴുതിയ ദിവസമാണ് ബിന്ദു കൊല്ലപ്പെട്ടത്.
2006 മേയ് ഏഴിനാണ് ബിന്ദു കൊല്ലപ്പെട്ടത്. വസ്തു വിൽപനയിൽ അഡ്വാൻസ് ലഭിച്ച ഒന്നര ലക്ഷം രൂപ വേണമെന്ന് സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. എന്നാൽ, നൽകാൻ വിസമ്മതിച്ച ബിന്ദുവിനെ ഷാൾ മുറുക്കി കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ആത്മഹത്യ ചെയ്ത സെബാസ്റ്റ്യൻ്റെ കൂട്ടാളി മനോജിനും ബിന്ദു കൊല്ലപ്പെട്ട വിവരം അറിയാമായിരുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ആണ് മനോജ് ആത്മഹത്യ ചെയ്തത്.
ബിന്ദു പത്മനാഭൻ കൊലക്കേസിൽ സെബാസ്റ്റ്യന്റെ വെളിപ്പെടുത്തലിന്റെ കൂടുതൽ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ബിന്ദുവിനെ കൊന്ന് കഷണങ്ങളാക്കി മറവ് ചെയ്തു. പള്ളിപ്പുറത്തെ വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടു. പഴകി എന്ന് ഉറപ്പാക്കിയ ശേഷം എല്ലുകൾ കത്തിച്ചു. ബിന്ദുവിന്റെ പണം തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്നും സെബാസ്റ്റ്യൻ വെളിപ്പെടുത്തി. ജെയ്നമ്മ തിരോധാന കേസിലെ ചോദ്യം ചെയ്യലിനിടെയായിരുന്നു ബിന്ദുവിനെ കൊലപ്പെടുത്തിയത് താനാണെന്ന സെബാസ്റ്റ്യൻ്റെ നിർണായക വെളിപ്പെടുത്തൽ.
2006 മുതലാണ് ബിന്ദുവിനെ കാണാതായത്. 2017 സെപ്തംബർ 17നാണ് ബിന്ദു പത്മനാഭന്റെ സഹോദരൻ പ്രവീൺകുമാർ ആഭ്യന്തര വകുപ്പിന് പരാതി നൽകിയത്. ഇതിന് പുറമെ ജെയ്നമ്മ, ഐഷ, സിന്ധു തുടങ്ങിയവരുടെ തിരോധാനത്തിലും സെബാസ്റ്റ്യൻ സംശയനിഴലിലാണ്.