മൗറീഷ്യസില്‍ 18.8 കോടി രൂപയുടെ ലഹരിമരുന്ന് വേട്ടയില്‍ കസ്റ്റഡിയില്‍ എടുത്തത് ആറ് വയസുകാരനെ. മൗറീഷ്യസിലെ സര്‍ സീവൂസാഗുര്‍ രാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ബ്രിട്ടനില്‍ നിന്നുള്ള ആറ് വയസുകാരന്റെ ബാഗില്‍ നിന്ന് 14 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കുട്ടിയടക്കം ഏഴ് പേരെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.
ഏകദേശം 18.8 കോടി രൂപയുടെ 161 കിലോയിലധികം കഞ്ചാവാണ് സംഘത്തിന്റെ കൈവശമുണ്ടായിരുന്നത്. ഏഴ് പേരും ബ്രിട്ടനില്‍ നിന്നുള്ളവരാണെന്നാണ് സംശയിക്കുന്നത്. ആറ് വയസുകാരന്റെ ബാഗില്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ 24 പാക്കറ്റുകളിലായാണ് കഞ്ചാവ് കണ്ടെത്തിയത്.
ഗാറ്റ്‌വിക്കില്‍ നിന്നുള്ള ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തിലാണ് സംഘം എത്തിയത്. അറസ്റ്റിലായവരില്‍ ആറ് വയസുകാരന്റെ അമ്മയും ഉള്‍പ്പെടും. ഇവരില്‍ നിന്ന് 17 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തു ഉണ്ടായിരുന്നത്.
മയക്കുമരുന്ന് കടത്താന്‍ കുട്ടിയെ ഉപയോഗിക്കുന്നത് അതിക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയാണെന്ന് മൗറീഷ്യന്‍ അധികൃതര്‍ പറഞ്ഞു. സമീപ വര്‍ഷങ്ങള്‍ക്കിടിയിലുണ്ടായ ഞെട്ടിക്കുന്ന സംഭവമാണിതെന്നും അധികൃതര്‍ പറഞ്ഞു.
തന്റെ ബാഗിലുള്ള വസ്തുക്കളെ കുറിച്ച് കുട്ടിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. കുട്ടിയെ പിന്നീട് ബ്രിട്ടനിലേക്ക് തിരിച്ചയച്ചതായും അധികൃതര്‍ അറിയിച്ചു. സംഘത്തില്‍ നിന്നും 11 ആപ്പിള്‍ എയര്‍ ടാഗുകളും പിടികൂടിയിട്ടുണ്ട്. മൗറീഷ്യസ് കസ്റ്റംസ് ആന്റി നാര്‍കോട്ടിക്‌സ് സെക്ഷനും ആന്റി-ഡ്രഗ് ആന്റ് സ്മഗ്ലിങ് യൂണിറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സംഘത്തെ പിടികൂടിയത്. യൂറോപ്പില്‍ നിന്നും മൗറീഷ്യസിലേക്ക് ലഹരി മരുന്ന് കടത്തുന്ന സംഘത്തിലെ അംഗങ്ങളെയാണ് പിടികൂടിയതെന്നാണ് അധികൃതര്‍ അറിയിച്ചു. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് സംഘത്തിലുള്ളത്.