ആലപ്പുഴ: ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. 2012ലെ ചേർത്തല ഐഷ തിരോധാന കേസിലും സെബാസ്റ്റ്യന് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. സെബാസ്റ്റ്യനും ഐഷയും പരിചയക്കാരാണെന്ന് അന്വേഷണ സംഘം.
ഐഷയും സെബാസ്റ്റ്യനും സുഹൃത്തുക്കളായിരുന്നുവെന്ന് ഐഷയുടെ അയൽവാസി റോസമ്മ ന്യൂസ് മലയാളത്തോട് പറഞ്ഞു. തന്റെ വസ്തു ഇടപാടിൽ ബന്ധപ്പെട്ടത് ഐഷയും സെബാസ്റ്റ്യനും ഒരുമിച്ചാണ്. കാണാതായതിനുശേഷം ഐഷയുടെ മൊബൈലിൽ നിന്ന് പലതവണ കോൾ വന്നു. തിരിച്ചു വിളിക്കുമ്പോൾ കോൾ എടുക്കാറില്ലെന്നും അയല്‍വാസി വെളിപ്പെടുത്തി.
കത്തിച്ച നിലയിൽ കണ്ടെത്തിയ അസ്ഥികൾക്കൊപ്പം ലഭിച്ച പല്ലാണ് നിർണായകമായത്. ക്ലിപ്പിട്ട കൃത്രിമ പല്ല് ഐഷയുടേതിന് സമാനമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. രണ്ട് സ്ത്രീകളുടെ തിരോധാന കേസുകളിലാണ് സെബാസ്റ്റ്യൻ ഇപ്പോള്‍ പ്രതി സ്ഥാനത്തുള്ളത്.
2007ല്‍ ആലപ്പുഴ ചേർത്തലയിൽ കാണാതായ ബിന്ദു പത്മനാഭൻ, 2024 ഡിസംബറില്‍ കാണാതായ കോട്ടയം ഏറ്റുമാനൂർ സ്വദേശി ജയ്നമ്മ എന്നിവരുടെ കേസുകളുടെ അന്വേഷണവും ചെന്നുനിന്നത് സെബാസ്റ്റ്യനിലേക്കാണ്.
ഏറ്റുമാനൂർ സ്വദേശി ജയ്നമ്മ തിരോധാനക്കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. ഏറ്റുമാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ജയ്നമ്മ ചേർത്തല പള്ളിപ്പുറം ഭാഗത്ത് എത്തിയതായി കണ്ടെത്തിയിരുന്നു. അതേസമയം, ശരീരാവശിഷ്ടം വർഷങ്ങൾക്ക് മുൻപ് കാണാതായ ബിന്ദു പത്മനാഭൻ്റേതാണോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.
സെബാസ്റ്റ്യൻ വർഷങ്ങൾക്ക് മുൻപ് രജിസ്റ്റർ ചെയ്ത ബിന്ദു പത്മനാഭൻ തിരോധനക്കേസിലെ ഒന്നാം പ്രതിയാണ്. ബിന്ദു കൊല്ലപ്പെട്ടോ എന്ന സംശയം ബലപ്പെടുന്നതിനിടെയാണ് സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിത്. വീട്ടിനകത്തെ ഹാളിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. പുതുതായി പണിത ഗ്രാനൈറ്റും ദുരൂഹത ഉയർത്തുന്നതാണ്.