കോഴിക്കോട്: വിജിൽ നരഹത്യാ കേസിൽ പ്രതികളുമായി ഇന്നും തെളിവെടുപ്പ് തുടരും. അമിത ലഹരി ഉപയോഗത്തെ തുടർന്ന് വിജിൽ മരിക്കുകയും തുടർന്ന് സുഹൃത്തുക്കളായ പ്രതികൾ ചേർന്ന് കുഴിച്ചിടുകയും ചെയ്തു എന്ന് മൊഴി നൽകിയതിനെ തുടർന്നതിനാലാണ് സരോവരത്തെ ചതുപ്പിൽ പരിശോധന നടത്തുക.
കഴിഞ്ഞ ദിവസം പ്രതികളുമായി കല്ലായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ തെളിവെടുപ്പിൽ വിജിലിൻ്റെ ബൈക്ക് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വിജിൽ സ്വയം നാടുവിട്ടു പോയതാണ് എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് പ്രതികൾ വിജിലിൻ്റെ ഇരുചക്ര വാഹനം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചതെന്ന് പ്രതികൾ മൊഴി നൽകി.
വിജിലിൻ്റെ മൊബൈൽ ഫോണിലെ ഡാറ്റകൾ മുഴുവനായും നശിപ്പിച്ചതിന് ശേഷം ഉപേക്ഷിച്ചു എന്നും പ്രതികൾ പറഞ്ഞു. എന്നാൽ ഇതുവരെയും മൊബൈൽ കണ്ടെത്താൻ സാധിച്ചിട്ടില്ല.
2019 മാർച്ച് 24 മുതലാണ് വിജിലിനെ കാണാതാകുന്നത്. കേസിൽ വിജിലിൻ്റെ ഉറ്റ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വെങ്ങേരി സ്വദേശി ദീപേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതി പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്തിനായുള്ള തിരച്ചിൽ അന്വേഷണസംഘം ഊർജിതമാക്കി.
വിജിലിനെ കാണിനില്ലെന്ന് പറഞ്ഞുകൊണ്ട് പിതാവ് നേരത്തെ തന്നെ എലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
2019ല്‍പ്രതികളും വിജിലും ചേർന്ന് ബ്രൗണ്‍ഷുഗര്‍ ഉപയോഗിച്ചു. ലഹരി അമിതമായി ഉപയോഗിച്ചത് മൂലം വിജില്‍ അവിടെ വെച്ച് മരിക്കുകയും ഉടന്‍ തന്നെ യുവാവിൻ്റെ ദേഹത്ത് കരിങ്കല്ല് കെട്ടിക്കൊണ്ട് ഒരു ചതുപ്പില്‍ താഴ്ത്തിയെന്നുമാണ് പ്രതികൾ മൊഴി നൽകിയത്. ഇതേത്തുടർന്നാണ് സരോവരത്ത് പരിശോധന നടത്താൻ അന്വേഷണസംഘം തീരുമാനിച്ചത്.