ആലപ്പുഴ: കായംകുളത്ത് അച്ഛനെ മകൻ വെട്ടിക്കൊന്നു. ഗുരുതരമായി പരിക്കേറ്റ അമ്മ ആശുപത്രിയിൽ. പുല്ലുകുളങ്ങര കളരിക്കൽ ജങ്ഷൻ പീടികചിറയിൽ നവജിത്ത് എന്നയാളാണ് അച്ഛനായ നടരാജനേയും അമ്മ സിന്ധുവിനേയും വെട്ടിയത്. ഗുരുതരാവസ്ഥയിൽ ഇരുവരേയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നടരാജൻ്റെ ജീവൻ രക്ഷിക്കാനായില്ല.
ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. പ്രതി നവജിത്ത് അഭിഭാഷകനാണ്.മദ്യലഹരിയിലാണ് ആക്രമണമെന്നാണ് സൂചന.മാതാപിതാക്കളുമായുണ്ടായ തർക്കത്തെ തുടർന്ന് ഇയാൾ ഇരുവരേയും കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആംബുലൻസിൽ ഇരുവരേയും ആശുപത്രിയിലെത്തിച്ചത്.
നവജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണ ശേഷം പ്രദേശത്ത് ഭീകരാന്തരീക്ഷ സൃഷ്ടിച്ച ഇയാളെ ബലം പ്രയോഗിച്ചാണ് പൊലീസ് കീഴടക്കിയത്.