ഭോപ്പാൽ: മധ്യപ്രദേശിൽ അധ്യാപികയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി മുൻ വിദ്യാർഥി. 18കാരനായ വിദ്യാർഥിയാണ് 26കാരിയുടെ ദേഹത്ത് പെട്രോളൊഴിച്ചത്. നർസിംഗ്പൂർ ജില്ലയിലെ കോട്‌വാലി പൊലീസ് സ്റ്റേഷൻ പ്രദേശത്തുള്ള എക്സലൻസ് സ്കൂളിലെ പൂർവ വിദ്യാർഥിയായ സൂര്യാൻഷ് കൊച്ചാറാണ് വ്യക്തിവൈരാഗ്യത്തിൻ്റെ പേരിൽ അധ്യാപികയെ കൊല്ലാൻ ശ്രമിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് 3:30 ഓടെയാണ് സംഭവം. പ്രതി പെട്രോൾ നിറച്ച കുപ്പിയുമായി അധ്യാപികയുടെ വീട്ടിലെത്തി യാതൊരു മുന്നറിയിപ്പും കൂടാതെ, ഇവരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.അധ്യാപികയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതിയും അധ്യാപികയും തമ്മിൽ രണ്ട് വർഷത്തിലേറെയായി പരിചയമുണ്ട്. പ്രതി സൂര്യാൻഷിന് അധ്യാപികയോട് പ്രണയമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. സ്വാതന്ത്ര്യദിനാഘോഷ വേളയിൽ സാരി ധരിച്ചെത്തിയ അധ്യാപികയോട് സൂര്യാൻഷ് മോശം പരാമർശം നടത്തിയിരുന്നു. ഇത് അധ്യാപിക റിപ്പോർട്ട് ചെയ്തതോട ഇയാളെ സ്കൂളിൽ നിന്ന് പുറത്താക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പ്രതിക്ക് അധ്യാപികയോട് പകയുണ്ടായിരുന്നെന്നും ഇതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നും പൊലീസ് പറഞ്ഞു.
"ഓഗസ്റ്റ് 15-ന് അധ്യാപിക സൂര്യൻഷിനെതിരെ പരാതി നൽകിയത് അയാളെ പ്രകോപിപ്പിച്ചു. തുടർന്ന് പ്രതി ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കി. സെക്ഷൻ 124A യും മറ്റ് പ്രസക്തമായ ഐപിസി വകുപ്പുകളും പ്രകാരം കേസെടുത്തിട്ടുണ്ട്. അധ്യാപികയുടെ പൂർണ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കും." കോട്‌വാലി പൊലീസ് അറിയിച്ചു.