കൊല്ലപ്പെട്ട ഹേമചന്ദ്രൻ  Source: News Malayalam 24x7
CRIME

സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റേത് ആത്മഹത്യയല്ല; മരണകാരണം മര്‍ദനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഹേമചന്ദ്രന്റേത് കൊലപാതകം തന്നെയാണെന്നും ഇതോടെ സ്ഥിരീകരിച്ചിരിക്കുകയാണ്.

Author : ന്യൂസ് ഡെസ്ക്

വയനാട്: സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റേത് ആത്മഹത്യയല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദനമേറ്റതാണ് മരണകാരണം. ഹേമചന്ദ്രന്റേത് കൊലപാതകം തന്നെയാണെന്നും ഇതോടെ സ്ഥിരീകരിച്ചിരിക്കുകയാണ്.

ഹേമചന്ദ്രനെ കൊലപ്പെടുത്തിയതല്ലെന്നും അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു കേസിലെ ഒന്നാം പ്രതി സൗദിയില്‍ നിന്നും പറഞ്ഞിരുന്നത്. തനിക്കും തന്റെ സുഹൃത്തുക്കള്‍ക്കും ഉള്‍പ്പെടെ ഹേമചന്ദ്രന്‍ പണം നല്‍കാന്‍ ഉണ്ടെന്നും പണം കിട്ടാന്‍ വേണ്ടി പലയിടങ്ങളിലും ഒരുമിച്ചാണ് പോയത് എന്നും എഗ്രിമെന്റ് തയ്യാറാക്കിയ ശേഷം ഹേമചന്ദ്രനെ വീട്ടിലേക്ക് അയച്ചതാണെന്നും നൗഷാദ് പറഞ്ഞിരുന്നു.

മൈസൂരില്‍ നിന്ന് പൈസ കിട്ടാനുണ്ടെന്ന് പറഞ്ഞ് ഹേമചന്ദ്രന്‍ തിരിച്ചെത്തി ഒരു ദിവസം കൂടി വീട്ടില്‍ കിടക്കാന്‍ താമസിപ്പിക്കുകയും ഭക്ഷണം വാങ്ങി കൊടുക്കുകയും ചെയ്തിരുന്നു. രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നും നൗഷാദ് പറഞ്ഞിരുന്നു.

രാവിലെ മൃതദേഹം കണ്ടപ്പോള്‍ എന്തു ചെയ്യണം എന്നറിയാതെ സുഹൃത്തുക്കളെ വിളിച്ചു. കുഴിച്ചിടുക അല്ലാതെ മറ്റു വഴിയില്ല എന്ന് അവര്‍ പറഞ്ഞു. അങ്ങനെയാണ് മൂന്നുപേരും ചേര്‍ന്ന് കുഴിച്ചിട്ടത്. ഹേമചന്ദ്രന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നും നൗഷാദ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ശരീരാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്തതിലൂടെ നൗഷാദിന്റെ വാക്കുകള്‍ കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നൗഷാദിനെ അടുത്തിടെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. സൗദിയില്‍ നിന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്. അതേസമയം താന്‍ കൊന്നിട്ടില്ലെന്നും കുഴിച്ചിടുക മാത്രമാണ് ചെയ്തതെന്നും നൗഷാദ് ആവര്‍ത്തിച്ചിരുന്നു. അതേസമയം മൃതദേഹത്തിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടത്തിലും കൊലപാതകമാണെന്ന് നേരത്തെ സ്ഥിരീകരണമുണ്ടായിരുന്നു.

SCROLL FOR NEXT