രാഹുൽ ഭാരതി  IMAGE: x
CRIME

സഹോദരിമാരുടെ എഐ അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി; പത്തൊമ്പതുകാരന്‍ ജീവനൊടുക്കി

രാഹുലിന്റെ മൂന്ന് സഹോദരിമാരുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളുമാണ് എഐ ഉപയോഗിച്ച് നിര്‍മിച്ചത്

Author : ന്യൂസ് ഡെസ്ക്

ഫരീദാബാദ്: എഐ ഉപയോഗിച്ച് സഹോദരിമാരുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ച് പുറത്തുവിടുമെന്ന ഭീഷണിയെ തുടര്‍ന്ന് പത്തൊമ്പതുകാരന്‍ ജീവനൊടുക്കി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഫരീദാബാദിലെ ഡിഎവി കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ രാഹുല്‍ ഭാരതിയാണ് മരിച്ചത്.

രാഹുലിന്റെ മൂന്ന് സഹോദരിമാരുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളുമാണ് എഐ ഉപയോഗിച്ച് നിര്‍മിച്ചത്. സോഷ്യല്‍മീഡിയയില്‍ 'സാഹില്‍' എന്ന് പേരുള്ള അക്കൗണ്ടില്‍ നിന്ന് രാഹുലിനെ ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് മനോജ് ഭാരതി പൊലീസിനോട് പറഞ്ഞു. ലക്ഷങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്നും രാഹുലിനെ ഭീഷണിപ്പെടുത്തിയിരുന്നു.

രാഹുലിന്റെ ഫോണ്‍ ഹാക്ക് ചെയ്താണ് ചിത്രങ്ങള്‍ ഉപയോഗിച്ചതെന്നാണ് പിതാവ് പറയുന്നത്. രണ്ടാഴ്ച മുമ്പാണ് ഭീഷണി തുടങ്ങിയത്. ഇതോടെ വിദ്യാര്‍ഥി കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നും പിതാവ് പൊലീസിനോട് പറഞ്ഞു.

രാഹുലിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് സാഹില്‍ എന്ന അക്കൗണ്ടില്‍ നിന്ന് പണം ആവശ്യപ്പെട്ടതായും നിരവധി സ്‌ക്രീന്‍ ഷോട്ടുകളും ഓഡിയോ റെക്കോര്‍ഡുകളും പൊലീസിന് ലഭിച്ചു. പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്നായിരുന്നു അവസാനത്തെ ഭീഷണി സന്ദേശം. രാഹുലിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ശനിയാഴ്ചയാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. വൈകിട്ട് ഏഴ് മണിയോടെ ഗുളികകള്‍ കഴിക്കുകയായിരുന്നു. അവശനിലയിലായ രാഹുലിനെ വീട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ ചികിത്സയിലിരിക്കേയായിരുന്നു മരണം.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT