വിദ്യാർഥി മർദിക്കുന്ന ദൃശ്യങ്ങൾ Source: X/ @Katareya2006
CRIME

കണക്ക് പരീക്ഷയില്‍ രണ്ട് മാര്‍ക്ക് കുറഞ്ഞു; തായ്‌ലൻഡിൽ അധ്യാപികയെ തല്ലിച്ചതച്ച് വിദ്യാര്‍ഥി | വീഡിയോ

ആക്രമണത്തിൽ അധ്യാപികയുടെ തലയിലും വാരിയെല്ലുകൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

തായ്‌ലൻഡിൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് ഗണിത അധ്യാപികയെ മർദിച്ച് പ്ലസ് വൺ വിദ്യാർഥി. കണക്ക് പരീക്ഷയിൽ 20ൽ 18 മാർക്ക് നേടിയ വിദ്യാർഥി രണ്ട് മാർക്ക് കുറഞ്ഞത് ചോദ്യം ചെയ്താണ് അധ്യാപികയെ മർദിച്ചത്. വിദ്യാർഥി അധ്യാപികയുടെ മുഖത്തടിക്കുന്നതും ചവിട്ടുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തെത്തി.

ബാങ്കോക് പോസ്റ്റ് റിപ്പോർട്ടനുസരിച്ച് ഓഗസ്റ്റ് അഞ്ചിനാണ് സംഭവം നടക്കുന്നത്. എന്തുകൊണ്ടാണ് തനിക്ക് മുഴുവൻ മാർക്ക് നൽകാഞ്ഞതെന്ന് ചോദിച്ച് പ്ലസ് വൺ വിദ്യാർഥി അധ്യാപികയെ അതിക്രൂരമായി മർദിക്കുകയായിരുന്നു.

ഉത്തരങ്ങൾ ശരിയാണെങ്കിലും, ചോദ്യത്തിൽ ആവശ്യപ്പെട്ടതുപോലെ ഉത്തരത്തിലേക്ക് എത്തിചേർന്ന രീതി കുട്ടി വ്യക്തമാക്കിയില്ലെന്ന് കാണിച്ചായിരുന്നു അധ്യാപിക മാർക്ക് കുറച്ചത്. മറ്റ് അധ്യാപകരും ഇതേ ഗ്രേഡിംഗ് മാനദണ്ഡങ്ങൾ പ്രയോഗിച്ചിട്ടുണ്ടോ എന്ന് അവരോട് ചോദിക്കാനും അധ്യാപിക നിർദ്ദേശിച്ചു. മറ്റ് അധ്യാപകരുമായി ചർച്ച നടത്തിയ ശേഷം, വിദ്യാർഥി ക്ലാസിലെത്തി വീണ്ടും അധ്യാപികയോട് തന്റെ മാർക്ക് വർധിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അവർ വിസമ്മതിച്ചപ്പോൾ, വിദ്യാർഥി പ്രകോപിതനായി, ഒരു മേശ ചവിട്ടി ക്ലാസ് മുറി വിട്ടു.

ഏതാനും മിനിറ്റുകൾക്ക് ശേഷം, 17കാരൻ തിരിച്ചെത്തി അധ്യാപികയോട് ക്ഷമ ചോദിച്ചു. പിന്നാലെ, 20-ലധികം സഹപാഠികളുടെ മുന്നിൽ വെച്ച് വിദ്യാർഥി അധ്യാപികയുടെ മുഖത്ത് ക്രൂരമായി അടിക്കാൻ തുടങ്ങി. ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ടനുസരിച്ച് , ആക്രമണത്തിൽ അധ്യാപികയുടെ ഇടതു കണ്ണിന് ചതവ് സംഭവിച്ചിട്ടുണ്ട്. തലയിലും വാരിയെല്ലുകൾക്കും സാരമായി പരിക്കേറ്റ അവർ ചികത്സിയിലാണ്. അധ്യാപികയുടെ പരാതിയിൽ പൊലീസ് വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്.

SCROLL FOR NEXT