അറസ്റ്റിലായ അനീഷ്, സജിത്ത് 
CRIME

താമരശ്ശേരി കൂട്ടബലാത്സംഗ കേസ്: പക തോന്നിയത് തട്ടിപ്പറിച്ച പണം തിരികെ വാങ്ങിയതിന്; ബസ് ജീവനക്കാരുടെ ക്രൂരതകൾ പുറത്ത്

നേരത്തെ യുവതിയിൽ നിന്നും ബസ് ഡ്രൈവർ അനീഷ് കുറച്ച് പണം ബലമായി തട്ടിപ്പറിച്ചിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് നാട്ടുകാർ ഇടപെട്ടായിരുന്നു പണം മടക്കി നൽകിയത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: താമരശ്ശേരിയിലെ കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന ക്രൂരതകൾ പുറത്ത്. യുവതി അതിക്രൂരമായ പീഡനത്തിന് ഇരയായെന്നതിന് പുറമെ സാമ്പത്തികമായ ചൂഷണവും നേരിട്ടെന്ന വിവരമാണ് പുറത്തുവരുന്നത്. നേരത്തെ യുവതിയിൽ നിന്നും ബസ് ഡ്രൈവർ അനീഷ് കുറച്ച് പണം ബലമായി തട്ടിപ്പറിച്ചിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് നാട്ടുകാർ ഇടപെട്ടായിരുന്നു പണം മടക്കി നൽകിയത്.

പണം മടക്കി നൽകേണ്ടി വന്നതിൻ്റെ പ്രതികാരമായതാണ് ബലാത്സംഗം ചെയ്തെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. കൂടാതെ പ്രതികൾ യുവതിയെ പീഡിപ്പിക്കുന്നതിൻ്റെ നഗ്ന ദൃശ്യങ്ങൾ പകർത്തിയതായും, ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയും പണം കൈക്കലാക്കുകയും ചെയ്തെന്നും യുവതിയുടെ പരാതിയിലുണ്ട്.

കൂടാതെ പൊലീസിനെതിരെയും യുവതിക്ക് പരാതിയുണ്ട്. മൊഴിയെടുക്കുന്നതിനിടെ യുവതിയോട് വനിതാ പൊലീസ് മോശമായി പെരുമാറിയെന്നാണ് ആരോപണം. അതേസമയം, പ്രതികൾ ഇരുവരും ചേർന്ന് കുറ്റകൃത്യം നടത്തിയ ബസ് പൊലീസ് ഇതുവരെയും പിടിച്ചെടുത്തിട്ടില്ല. പൊലീസ് ബസ് ഇതുവരെയും കസ്റ്റഡിയിൽ എടുക്കാത്തതിനുള്ള കാരണവും വ്യക്തമല്ല.

നരിക്കുനി ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകവെ യുവതിയെ ബോധം കെടുത്തി ബലം പ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഇതിന് ശേഷം സ്വകാര്യ ബസിനുള്ളിൽ വച്ച് പീഡിപ്പിക്കുകയും തുടർന്ന് ലോഡ്ജിൽ എത്തിച്ച ശേഷവും ക്രൂരപീഡനത്തിന് ഇരയാക്കിയെന്നുമാണ് പരാതി.

സംഭവവുമായി ബന്ധപ്പെട്ട് പുതുപ്പാടി സ്വദേശികളായ അനീഷ്, സജിത്ത് എന്നീ ബസ് ജീവനക്കാരെ താമരശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടോയെന്ന് അന്വേഷണം തുടരുകയാണ്. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

SCROLL FOR NEXT