കോഴിക്കോട്: ഫറോക്കിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാലപൊട്ടിച്ച് മോഷ്ടാക്കൾ. കരുവാൻതിരുത്തി സ്വദേശി സുബൈദയുടെ രണ്ടര പവൻ്റെ മാലയാണ് മോഷ്ടാക്കൾ കവർന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെ രണ്ടേമുക്കാലോടെയാണ് കവർച്ച നടന്നത്. വീടിന് പിന്‍ഭാഗത്തെ ഇരുമ്പ് കതകും, അടുക്കള വാതിലും തകര്‍ത്താണ് മോഷ്ടാവ് വീടിനകത്തേക്ക് കയറിയത്. പിന്നാലെ മുറിക്കുള്ളില്‍ ഉറങ്ങിക്കിടന്ന സുബൈദയുടെ മാല പൊട്ടിച്ച് ഇറങ്ങി ഓടുകയായിരുന്നു. പിടിവലിയില്‍ സുബൈദയുടെ കഴുത്തിന് പരിക്കേറ്റു.
പരിക്കേറ്റ സുബൈദ ഫറോക് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സുബൈദയും മകളും മാത്രമായിരുന്നു മോഷണം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നത്. വാതിൽ കുത്തി തുറക്കാനായി ഉപയോഗിച്ച ഇരുമ്പു ദണ്ഡ് വീടിനുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
സമീപത്തെ വീട്ടിൽ നിന്നും ഇരുമ്പു വടി എടുക്കുന്ന മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സുബൈദയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.