2019 മാര്‍ച്ച് 12-നാണ് പത്തൊമ്പത് വയസുള്ള കവിത എന്ന പെണ്‍കുട്ടിയെ കുമ്പനാട് കടപ്ര കരാലില്‍ അജിന്‍ റെജി മാത്യു (24) പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നത്. തന്റെ പ്രണയാഭ്യര്‍ത്ഥന കവിത നിഷേധിച്ചതായിരുന്നു അജിനെ പ്രകോപിപ്പിച്ചത്. പ്രണയപ്പകയില്‍ ഒരു പെണ്‍കുട്ടിയുടെ ജീവന്‍ പൊലിഞ്ഞ വാര്‍ത്ത അന്ന് കേരളം ഞെട്ടലോടെ കേട്ടു.
ഹയര്‍ സെക്കണ്ടറി ക്ലാസില്‍ ഒന്നിച്ച് പഠിച്ചവരായിരുന്നു കവിതയും അജിനും. ഇതിനു ശേഷം തിരുവല്ലയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ കവിത റേഡിയോളജിക്ക് ചേര്‍ന്നു. ഇതിനിടയിലാണ് അജിന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയത്.
ഇതോടെ കവിതയോട് പക തോന്നിയ അജിന്‍ ആ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. 2019 മാര്‍ച്ച് 12 ന് രാവിലെ കവിത കോളേജില്‍ പോകുമ്പോഴായിരുന്നു ആക്രമണം. കവിതയെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. രാവിലെ 9.11 ന് ചിലങ്ക ജംഗ്ഷനിലെ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വെച്ചായിരുന്നു ആക്രമിച്ചത്.
മൂന്ന് കുപ്പി പെട്രോളും കയറും കത്തിയുമായി കൊല്ലാന്‍ ഉറപ്പിച്ചു തന്നെയായിരുന്നു അജിന്‍ എത്തിയത്. കവിതയെ കാത്ത് രാവിലെ തന്നെ ചിലങ്ക ജംഗ്ഷനില്‍ അജിന്‍ എത്തി. ബസിറങ്ങി നടക്കുകയായിരുന്ന കവിതയുടെ പിന്നാലെയെത്തിയ അജിന്‍ മുന്നില്‍ കയറി തടഞ്ഞു. ആദ്യം കയ്യില്‍ കരുതിയ കത്തി കൊണ്ട് കുത്തി ആക്രമിച്ചു. പെട്ടെന്നുള്ള ആക്രമണത്തില്‍ വിറങ്ങലിച്ച പെണ്‍കുട്ടിയുടെ തലയിലൂടെ പെട്രോളൊഴിച്ച് തീകൊളുത്തി.
ഓടിക്കൂടിയ നാട്ടുകാരാണ് തീയണക്കാന്‍ ശ്രമിച്ചത്. കവിതയെ ആക്രമിച്ച് സ്വയം തീകൊളുത്തി മരിക്കാനായിരുന്നു അജിന്റെ പദ്ധതി. നാട്ടുകാരാണ് അജിനെ പൊലീസില്‍ ഏല്‍പ്പിച്ചത്. മുഖത്തും കഴുത്തിനും നെഞ്ചിലും എഴുപത് ശതമാനത്തോളം പൊള്ളലേറ്റ കവിതയെ ആദ്യം തിരുവല്ലയിലെ സ്വാകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലും എത്തിച്ചു. 9 ദിവസം വെന്റിലേറ്ററിലായിരുന്നെങ്കിലും ഒടുവില്‍ കവിതയെ നഷ്ടമായി. മാര്‍ച്ച് 20 ന് വൈകിട്ടോടെയായിരുന്നു അന്ത്യം.
അജിന്‍ കവിതയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. പെട്രോള്‍ വാങ്ങുന്നതിനാവശ്യമായ പണം പിന്‍വലിക്കാനായി അജിന്‍ എടിഎമ്മില്‍ കയറുന്നതിന്റെയും തുടര്‍ന്നു പമ്പിലെത്തിയതിന്റെയും ദൃശ്യങ്ങളും കണ്ടെത്തി. കവിതയുടെ മരണമൊഴിയും അജിനെതിരെയായിരുന്നു. രാവിലെ നടന്ന സംഭവത്തില്‍ ദൃക്‌സാക്ഷികളുടെ മൊഴികളും അജിന് തിരിച്ചടിയായി.
തന്റെ പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചതാണ് കവിതയെ കൊല്ലാനുള്ള കാരണമെന്നാണ് അജിന്‍ പൊലീസിന് മൊഴി നല്‍കിയത്. അജിന്‍ കുറ്റക്കാരനാണെന്ന് പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി നേരത്തേ കണ്ടെത്തിയിരുന്നു. അജിന് ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയുമാണ് കോടതി ഇന്ന് ശിക്ഷ വിധിച്ചത്. പിഴത്തുക പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. ഇല്ലാത്തപക്ഷം അജിന്റെ സ്വത്തില്‍ നിന്ന് ഈടാക്കണമെന്നും വിധിയില്‍ പറയുന്നു. കൊലപാതകം, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. തിരുവല്ല പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന പി.ആര്‍.സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കേസില്‍ 43 സാക്ഷികളെ വിസ്തരിച്ചു. 94 രേഖകള്‍ ഹാജരാക്കി. വിധിയില്‍ തൃപ്തരാണെന്ന് കവിതയുടെ അമ്മ ഉഷയും അച്ഛന്‍ വിജയകുമാറും പറഞ്ഞു.