തിരുവനന്തപുരം: പൂക്കടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജീവനക്കാരനെ കത്രിക കൊണ്ട് കുത്തി മറ്റൊരു ജീവനക്കാരന്‍. തമിഴ്‌നാട് തെങ്കാശിയിലെ ആലംകുളം സ്വദേശി അനീസ് (36) നാണ് പരിക്കേറ്റത്. നെടുമങ്ങാട് കച്ചേരി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന രാജന്റെ ഉടമസ്ഥതയിലുള്ള പൂക്കടയില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
കടയിലെ ജീവനക്കാരന്‍ കട്ടപ്പ എന്ന് വിളിക്കുന്ന കുമാര്‍ ആണ് ആക്രമിച്ചത്. പൂക്കടയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രാജനും കട്ടപ്പയും തമ്മില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് പൂവെട്ടുന്ന കത്രിക ഉപയോഗിച്ച് കട്ടപ്പ അനീസിനെ കുത്തുകയായിരുന്നു.
അനീസിന്റെ നെഞ്ചിനാണ് കുത്തേറ്റത്. കുത്തിയതിനു ശേഷം ഓടി രക്ഷപ്പെട്ട കട്ടപ്പയെ പിന്നീട് പൊലീസ് പിടികൂടി. അടുത്തുള്ള മാര്‍ക്കറ്റില്‍ നിന്നാണ് കട്ടപ്പയെ പൊലീസ് പിടികൂടിയത്. മദ്യപിച്ചുണ്ടായ തര്‍ക്കമാണെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ അനീസ് കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.