കോട്ടയം തിരുവാതുക്കൽ ഇരട്ട കൊലക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. സംഭവം നടന്ന് 85 ദിവസത്തിനുള്ളിലാണ് കോട്ടയം മജിസ്ട്രേറ്റ് കോടതിയിൽ വെസ്റ്റ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിയുടെ മുൻവൈരാഗ്യം ആണ് കൊലപാതകത്തിന് കാരണം എന്ന് കുറ്റപത്രത്തിൽ പറയുന്നു.
കോട്ടയത്തെ ഇന്ദ്രപ്രസ്ഥം ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ വിജയകുമാറിനെയും (64) ഭാര്യ മീര വിജയകുമാറിനെയും (60) കൊന്ന കേസിൽ അസമുകാരനായ അമിത് ഉറാങ്ങാണ് പ്രതി.
67 സാക്ഷിമൊഴികൾ ഉൾപ്പെടുന്നതാണ് കുറ്റപത്രം. കഴിഞ്ഞ ഏപ്രിൽ 22നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതിയെ അടുത്ത ദിവസം തൃശൂർ മാളിയിലെ കോഴി ഫാമിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
വിജയകുമാർ-മീര ദമ്പതികളുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലയ്ക്ക് ക്ഷതമേറ്റതിനെ തുടർന്ന് ഇരുവർക്കും രക്തസ്രാവമുണ്ടായി. പരിക്കേൽപ്പിച്ചത് മൂർച്ചയേറിയ ആയുധമുപയോഗിച്ചാണ്. വിജയകുമാറിൻ്റെ നെഞ്ചിലും ക്ഷതമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
പ്രധാന വാതിൽ തുറന്നാണ് അമിത് ഉറാങ് അകത്തു കയറിയത്. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ജനാല തുറന്നാണ് വാതിൽ തുറന്നത്. പിന്നീട് കോടാലി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.
രാവിലെ ജോലിക്കെത്തിയപ്പോള്‍ ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെന്നാണ് വീട്ടിലെ ജോലിക്കാരി പറയുന്നത്. തുടര്‍ന്ന് വാച്ച്മാനെ വിളിച്ചാണ് ഗേറ്റ് തുറന്നത്. അടുക്കള വാതില്‍ പൂട്ടിയിരുന്നു. മുന്‍വശത്തെ വാതിലിലൂടെ അകത്തു കടന്നപ്പോഴാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടത്. ഈ വീട്ടില്‍ നേരത്തേ ജോലി ചെയ്തിരുന്ന അസം സ്വദേശിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.