പ്രതീകാത്മ ചിത്രം 
CRIME

ഭർതൃമതിക്ക് മറ്റൊരു പുരുഷനുമായി ബന്ധം; ഇരുവരുടെയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബ്ലാക്ക്‌മെയിലിങ്; കണ്ണൂരിൽ മൂന്നംഗ സംഘം പിടിയിൽ

ദൃശ്യം കയ്യിൽ കിട്ടിയ ലത്തീഫ് പണത്തിനൊപ്പം, തന്നോടൊപ്പം ശാരീരക ബന്ധത്തിലെർപ്പെടണമെന്നും യുവതിയോട് ആവശ്യപ്പെട്ടിരുന്നു

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: കുടിയാൻ മലയിൽ വിവാഹിതയായ യുവതിക്ക് മറ്റൊരാളുമായുള്ള സൗഹൃദം, രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ബ്ലാക്ക്‌മെയിൽ ചെയ്‌ത മൂന്നംഗ സംഘം പിടിയിൽ. നടുവിൽ സ്വദേശികളായ ശ്യാം, ഷമൽ എന്ന കുഞ്ഞാപ്പി (21), ലത്തീഫ് എന്നിവരെയാണ് കുടിയാൻമല പൊലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. വിവാഹിതയായ യുവതിക്ക് ആലക്കോട് സ്വദേശിയുമായി സൗഹൃദമുണ്ടെന്ന് മൂന്നം​ഗ സംഘം മനസിലാക്കിയിരുന്നു. പിന്നാലെ ഇവ‍ർ യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ തീരുമാനിച്ചു. ഇതിനായി യുവതിയുടെ സുഹൃത്ത്, വീട്ടിലെത്തുന്ന സമയം, കിടപ്പറ രം​ഗങ്ങൾ പക‍ർത്തി ബ്ലാക്ക്‌മെയിൽ ചെയ്യാനായിരുന്നു സംഘത്തിൻ്റെ ലക്ഷ്യം.

ആലക്കോട് സ്വദേശി വീട്ടിലെത്തുന്ന ദിവസത്തിനായി നടുവിൽ സ്വദേശികളായ ശ്യാമും ഷമലും കാത്തിരുന്നു. ഒടുവിൽ യുവതിയുടെ വീട്ടിലേക്ക് ഇയാൾ എത്തിയ ദിവസം ഇരുവരും ഒളിച്ചിരുന്ന് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തു. ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയോട് പണം ആവശ്യപ്പെട്ടു. പണം കിട്ടിയതോടെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്‌തെന്ന് പറഞ്ഞെങ്കിലും സംഘം ചതി തുടർന്നു.

മറ്റൊരു സുഹൃത്തായ ലത്തീഫിന് ദൃശ്യങ്ങൾ കൈമാറി. ദൃശ്യം കയ്യിൽ കിട്ടിയ ലത്തീഫ് പണത്തിനൊപ്പം, തന്നോടൊപ്പം ശാരീരക ബന്ധത്തിലെർപ്പെടണമെന്നും യുവതിയോട് ആവശ്യപ്പെട്ടു. ഇത് യുവതി എതിർത്തതോടെ ഭീഷണിയായി. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് കൂടി ഭീഷണി വന്നതോടെ യുവതി കുടിയാന്മല പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. പ്രതികളിൽ ഒരാളായ ശ്യാം അടിപിടിക്കേസിൽ കണ്ണൂർ സബ് ജയിലിൽ റിമാൻഡിലാണ്.

SCROLL FOR NEXT