തിരുവനന്തപുരം: 18 വയസുകാരന്റെ കൊലപാതകത്തിൽ രണ്ടുപേർ കൂടി പിടിയിൽ. വിഷ്ണു കിരൺ, പ്രായപൂർത്തിയാവാത്ത മറ്റൊരു പ്രതി എന്നിവരെയാണ് കൻ്റോൺമെൻ്റ് പൊലീസ് പിടികൂടിയത്. അലനെ കുത്തിയ പ്രതിക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
കൂട്ടുകാരെ തടഞ്ഞുവെച്ച പ്രതികളോട് മാറിപ്പോകാൻ പറഞ്ഞതാണ് അലനെ കൊലപ്പെടുത്തിയതിന് പ്രകോപനമായതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിലുള്ള വിരോധം മൂലമാണ് കൊലപാതകം നടത്തിയതെന്നും എഫ്ഐആറിൽ പറയുന്നു. പ്രകോപിതരായ പ്രതികൾ കമ്പി പോലുള്ള ആയുധം കൊണ്ട് അലൻ്റെ നെഞ്ചിൽ കുത്തുകയായിരുന്നു. സ്ഥലത്തെത്തുമ്പോൾ പ്രതികളുടെ കൈയിൽ ആയുധമുണ്ടായിരുന്നതായും പൊലീസ് വെളിപ്പെടുത്തി.
സ്കൂൾ കുട്ടികൾ തമ്മിലുണ്ടായ തർക്കം പരിഹരിക്കാനെത്തിയ സമയത്താണ് അലന് കുത്തേറ്റത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ തൈക്കാട് ക്ഷേത്രത്തിന് പിറകുവശത്ത് വെച്ചായിരുന്നു സംഭവം. കുത്തേറ്റയുടൻ അലനെ കൂട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കാപ്പാ കേസ് പ്രതിയായ ആളാണ് അലനെ കുത്തിയതെന്നാണ് വിവരം.