CRIME

സമൂസ വാങ്ങിയില്ല, യുപിയിൽ ഭാര്യയും ബന്ധുക്കളും ചേർന്ന് ഭർത്താവിനെ തല്ലിച്ചതച്ചു; വധശ്രമത്തിന് കേസെടുത്ത് പൊലീസ്

ശിവമിൻ്റെ അമ്മ വിജയ് കുമാരി രേഖാമൂലം പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്

Author : ന്യൂസ് ഡെസ്ക്

ലഖ്നൗ: സമൂസ കൊണ്ടുവരാത്തതിനെച്ചൊല്ലി ഭർത്താവിനെ ഭാര്യയും ബന്ധുക്കളും ചേർന്ന് തല്ലിച്ചതച്ചു. ഉത്തർപ്രദേശ് സെഹ്രാപൂർ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ പിലിഭിത്തിയിൽ ഓഗസ്റ്റ് 30നാണ് സംഭവമുണ്ടായത്. ആനന്ദ്പൂർ സ്വദേശി ശിവമിനെയാണ് മർദിച്ചത്. ഭാര്യ സം​ഗീത സമൂസ വാങ്ങി വരണമെന്ന് പറഞ്ഞിരുന്നു. എന്നാൽ വീട്ടിലെത്തിയ ഭർത്താവ് ശിവം സമൂസ വാങ്ങാൻ മറന്നെന്ന് പറഞ്ഞതോടെയാണ് കൂട്ടയടി നടന്നത്.

ശിവമിൻ്റെ അമ്മ വിജയ് കുമാരി രേഖാമൂലം പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് പറയുന്നതനുസരിച്ച്, സംഗീത ശിവമിയോട് സമൂസ കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശിവമി വാങ്ങാൻ മറന്നതോടെ പ്രകോപിതയായ ഭാര്യ കുടുംബത്തെ വിളിച്ചുവരുത്തുകയും പിറ്റേദിവസം നടന്ന പഞ്ചായത്തിൽ വിഷയം ഉന്നയിക്കുകയുമായിരുന്നു.

മുൻ ഗ്രാമത്തലവനായ അവ്ധേഷ് ശർമയാണ് പഞ്ചായത്ത് നടത്തിയത്. ഇതിനിടെ അക്രാമാസക്തയായ ഭാര്യ സംഗീതയും മാതാപിതാക്കളായ ഉഷ, രാംലഡൈറ്റ്, മാതൃസഹോദരൻ റാമോതർ എന്നിവർ ചേർന്ന് ശിവമിനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

സംഭവത്തിൽ വിജയ് കുമാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, നാല് പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

SCROLL FOR NEXT